പലസ്‌തീൻകാർ അഭയം തേടിയ ഗാസയിലെ നാസർ ആശുപത്രിയിലേക്ക് ഇസ്രായേൽ തിരിച്ചടി തുടങ്ങി




ഗാസ :- ആയിരക്കണക്കിനു പലസ്‌തീൻകാർ അഭയം തേടിയ ദക്ഷിണ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം കടന്ന് തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ അനുവദിച്ച സമയം തീർന്നയുടൻ ആയിരുന്നു റെയ്ഡ്. ഹമാസ് പ്രവർത്തകർക്കും അവർ ബന്ദിയാക്കി ഇവിടെ ഒളിപ്പിച്ച ഇസ്രയേൽക്കാർക്കും വേണ്ടിയാണ് തിരച്ചിൽ. 72 ദിവസമായി നാസർ ആശുപത്രി ഇസ്രയേൽ സേനയുടെ ഉപരോധത്തിലായിരുന്നു.

വടക്കൻ ഇസ്രയേലിലെ സഫേദ് സൈനിക കേന്ദ്രത്തിൽ ലബനനിൽ നിന്നു ഹിസ്ബുല്ല പ്രവർത്തകർ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു സൈനികൻ മരിച്ചു. ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ തെക്കൻ ലബനനിൽ 13 നാട്ടുകാർ കൊല്ലപ്പെട്ടു. സാധാരണക്കാർക്കു നേരെ നടന്ന ഈ ആക്രമണത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ പരാതിപ്പെടുമെന്ന് ലബനൻ അറിയിച്ചു. ഈ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഒരു മുതിർന്ന കമാൻഡറെയും സഹായിയെയും വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ശക്‌തമായി തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല ഭീഷണി മുഴക്കിയിട്ടുണ്ട്. ഇന്നലെ ഇസ്രയേലിന്റെ ആക്രമണത്തിൽ 83 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇപ്പോഴത്തെ സംഘർഷത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 28,663 ആയി. പരുക്കേറ്റവർ 68,395 ആയി.

Previous Post Next Post