പാനൂർ :- നഷ്‌ടപ്പെട്ടുവെന്നു കരുതിയ മയ്യിൽ തായംപൊയിലിലെ അണിമയുടെ സ്വർണമാല ഒൻപതാം നാൾക്ക് ശേഷം തിരികെ കിട്ടി. ബേസിൽ പീടികയിൽ ഒരു വിവാഹ സൽക്കാരത്തിനു പങ്കെടുക്കാൻ കഴിഞ്ഞ മാസം 30ന് പാനൂരിലെത്തിയതായിരുന്നു അണിമ. രാത്രി മടക്കയാത്രയിലാണ് മാല നഷ്ടമായതായി ശ്രദ്ധയിൽപെട്ടത്. വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ വീടും പരിസരവും വിവാഹ പന്തലിലും വീട്ടിനകത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കല്യാണ വീട്ടുകാർ അടുത്ത ദിവസങ്ങളിലും വീടും പരിസരവും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. നഷ്‌ടപ്പെട്ട ആഭരണത്തിൻ്റെ കാര്യം പതുക്കെ മറന്നു തുടങ്ങിയപ്പോഴാണ് മാല തിരികെ കിട്ടുന്നത്.ഇന്നലെ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയ പാനൂർ നഗരസഭ ഹരിതകർമ സേനയിലെ ശ്രീജയും പ്രതീക്ഷയും അടുത്ത വീട്ടിലേക്കു പോകുന്നതിനിടയിലാണു റോഡരികിൽ നിന്ന് മാല ലഭിച്ചത്.
മാല നഷ്ടമായ വിവരം വിവാഹവിരുന്നിൽ പങ്കെടുത്ത ബന്ധുവായ ശ്രീജയ്ക്കും അറിയാമായിരുന്നു. ഉടനെ വീട്ടുകാരുടെ ശ്രദ്ധയിൽപെടുത്തി. ബന്ധുക്കൾ അണിമയുമായി ബന്ധപ്പെട്ട് നഷ്‌ടപ്പെട്ട ആഭരണം ആണ് കളഞ്ഞു കിട്ടിയതെന്ന് ഉറപ്പു വരുത്തി. ആഭരണം ഇന്നലെ തന്നെ അണിമയ്ക്കെത്തിച്ചു കൊടുത്തു.