കോട്ടയം :- കോട്ടയത്ത് സഹയാത്രികർ നോക്കി നിൽക്കെ യുവാവ് ഓടുന്ന ട്രെയിനിൽ നിന്ന് എടുത്ത് ചാടി. തലക്ക് ഗുരുതരമായി പരിക്കേറ്റ കൊല്ലം പന്മന സ്വദേശി അൻസാർ ഖാനെ (24) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ‌്പ്രസിൽ നിന്നാണ് പുറത്തേക്ക് ചാടിയത്. ബുധനാഴ്‌ച വൈകുന്നേരം 6.30ഓടെ ട്രെയിൻ തലയോലപ്പറമ്പിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം.
ചവിട്ടുപടിയിൽ നിന്ന് അപകടകരമായ രീതിയിലാണ് ഇയാൾ യാത്ര ചെയ്തത്. സഹയാത്രികർ അകത്തേക്ക് കയറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും അൻസാർ അനുസരിച്ചില്ല. ഇതിന് പിന്നാലെയാണ് ട്രെയിനിൽ നിന്ന് ചാടിയത്. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ തലയോലപ്പറമ്പ് റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. യുവാവ് ചാടുന്ന വീഡിയോ യാത്രക്കാരിൽ ഒരാൾ പകർത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.