കാസർഗോഡ് :- കേരള ശാസ്ത്ര കോൺഗ്രസ് നാളെ ഫെബ്രുവരി 8 മുതൽ 11 വരെ കാസർഗോഡ് ഗവ.കോളജിൽ നടക്കും. നാളെ രാവിലെ 10 മണിക്ക് നാഷനൽ സയൻസ് എക്സ്പോ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര കോൺഗ്രസ് മറ്റന്നാൾ രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐസിസിഎസ് തയാറാക്കിയ ക്ലൈമറ്റ് സ്റ്റേറ്റ്മെന്റ് 2023 മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
തുടർന്ന് മികച്ച യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം, ശാസ്ത്ര സാഹിത്യ പുരസ്കാരങ്ങൾ എന്നിവ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ഗോൾഡ് മെഡലും 50000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച്ച് പ്രോജക്ടുമാണു നൽകുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തും. 2022ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവ് പ്രഫ.മോർട്ടെൻ പി.മെഡൽ പ്രഭാഷണം നടത്തി വിദ്യാർഥികളുമായി സംവദിക്കും.