കൽപ്പറ്റ :- വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കും. യോഗം രണ്ടോ മൂന്നോ ദിവസത്തിനകം ചേരും. പോളിന് ചികിത്സ നൽകുന്ന കാര്യത്തിൽ പിഴവുണ്ടായെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കും.
ഇന്നലെയാണ് കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ഡോക്ടർമാരുടെ നിർദ്ദേശാനുസരണം വിദഗ്ധ ചികിത്സ നൽകാനായാണ് പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വയനാട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ നൽകുന്നതിന് പരിമിതികൾ ഉണ്ട്. ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യത്തിൽ നിന്ന് പിന്നോട്ടില്ല.