കണ്ണൂർ :- വളപട്ടണം പുഴയുടെ ഓളപരപ്പിലൂടെ ആടിയും പാടിയുമുള്ള ബോട്ട് യാത്ര. കണ്ണിനും മനസിനും കുളിരേകുന്ന പുഴയോര കാഴ്ചകള്‍. ആഹ്ലാദ നിമിഷങ്ങൾ. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സാധ്യമായത്. കുടുംബങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ആരും സംരക്ഷിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയവരുമായ മന്ദിരത്തിലെ താമസക്കാരുടെ ആഗ്രഹപ്രകാരമാണ് യാത്ര സംഘടിപ്പിച്ചത്.
രാജേഷ് അഴീക്കോട്, സാദിഖ് അഴീക്കല്‍, ഡോക്ടര്‍ സന്തോഷ് എന്നിവര്‍ യാത്രക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കി. യാത്ര ചെയ്യാന്‍ സാധിക്കുന്ന അംഗങ്ങളുമായി രാവിലെ ഒമ്പത് മണിക്ക് തന്നെ സംഘം വളപട്ടണത്തേക്ക് പുറപ്പെട്ടു. വളപട്ടണത്ത് നിന്ന് ഹൗസ് ബോട്ടില്‍ കയറി പുഴയുടെ ഭംഗി ആസ്വദിച്ചുള്ള യാത്ര. എല്ലാവരുടെ മുഖത്തും ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷം. ഇനി ഒരു വിമാനയാത്ര വേണം എന്ന ആവശ്യം കൂടിയുണ്ട് ഇവർക്ക് . കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ഭരണസമിതി അംഗങ്ങളായ പി വി അജിത, പി പ്രസീത, പി ശ്രീജ, വി കെ സതി, വി ഇ ഒ സുനന്ദ, വൃദ്ധമന്ദിരം സൂപ്രണ്ട് കെ പ്രദീപ് കുമാര്‍, ജീവനക്കാര്‍, മെഡിക്കല്‍ ടീം, വജ്രജൂബിലി കലാകാരന്മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു