ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തലക്ഷങ്ങൾ


തിരുവനന്തപുരം :- ആറ്റുകാലമ്മയ്ക്ക് ഭക്തർ ഞായറാഴ്ച പൊങ്കാല അർപ്പിച്ചു. കുംഭവെയിലിൽ എല്ലാ വഴികളിലും പൊങ്കാല നിറഞ്ഞു. ക്ഷേത്രപരിസരവും തലസ്ഥാന നഗരവുമുൾപ്പെട്ട വിസ്തൃതമായ പൊങ്കാലക്കളം ഭക്തരുടെ ഉൾത്തുടിപ്പ് ഏറ്റുവാങ്ങി. പൊങ്കാല അടുപ്പുകൾ തിളച്ചു തൂവിയപ്പോൾ പ്രാർഥനാ നിർഭരമായ ഭക്തമനസ്സുകൾ ദേവീസ്തുതി ഉരുവിട്ടു. ഞായറാഴ്ച രാവിലെ 10-ന് ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്.

ശ്രീകോവിലിൽ നിന്നു തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരിക്കു കൈമാറി. അദ്ദേഹം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം ദീപം സഹമേൽശാന്തി ടി.കെ ഈശ്വരൻ നമ്പൂതിരിക്കു കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാര അടുപ്പിലും അദ്ദേഹം അഗ്നി പകർന്നതോടെ 10.30-ന് പൊങ്കാലയ്ക്കു തുടക്കമായി.

Previous Post Next Post