കണ്ണൂർ :- കെ.എസ്.ആർ.ടി.സി ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് ജീവനക്കാർക്കുള്ള വേതനം കൂട്ടി. ഫെബ്രുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിലായി. ഒരു ഡ്യൂട്ടിക്കിടയിൽ ഒരാൾ കഴുകേണ്ടുന്ന പരമാവധി ബസുകൾ 15 തന്നെ. കൃത്യമായ ഇടവേളകളിൽ കഴുകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചെക്ക് ലിസ്റ്റ് പരിഗണനയിലാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ബസ് വൃത്തിയാക്കുന്നതിന് വേതനം കൂട്ടിയതോടെ ഇടവേളകളും കൂട്ടിയെന്ന് ജീവനക്കാർ. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയവ ദിവസവും കഴുകിയിരുന്നത് ഇപ്പോൾ രണ്ടുദിവസത്തിലൊരിക്കൽ മതിയെന്നാണ് നിർദേശമെന്ന് ജീവനക്കാർ പറഞ്ഞു. അതോടൊപ്പം ഈ ബസുകൾ ആഴ്ചയിലൊരിക്കൽ കഴുകി ബ്രഷ് ചെയ്ത് തുടച്ചിരുന്നത്, ഇപ്പോൾ മാസത്തിലൊരിക്കൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു.
എ.സി. വോൾവോ സ്ലാനിയ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ്ഗ്ലാസ് ഉള്ളത്) എന്നീ ബസുകളുടെ അകംവശവും മുകൾഭാഗവും പുറംവശവും മുകൾഭാഗവും കാബിൻ ഗ്ലാസുകളും സീറ്റുകളും ബ്രഷ് ചെയ്ത് കഴുകി വൃത്തിയാക്കി തുടച്ചുനൽകുന്നതിന് ഓരോ ഷെഡ്യൂൾ സർവീസിനുശേഷവും 75 രൂപ, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ജൻറം ലോ ഫ്ലോർ, ഒമ്പത് മീറ്റർ ഇലക്ട്രിക് ബസ് എന്നിവ പുറംവശവും അകംവശവും മുഴുവനായും കഴുകുന്നതും ഡ്രൈവർ കാബിൻ ബ്രഷ് ചെയ്ത് സർവീസിന് യോഗ്യമായ രീതിയിൽ വൃത്തിയാക്കുന്നതിന് എല്ലാ രണ്ടുദിവസത്തിലൊരിക്കലും 40 രൂപ, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, ജൻറം ലോ ഫ്ലോർ, ഒമ്പത് മീറ്റർ ഇലക്ട്രിക് ബസ് എന്നിവ പൂർണമായും കഴുകിവൃത്തിയാക്കി ബ്രഷ് ചെയ്യുന്നത് മാസത്തിൽ ഒരുതവണ 50 രൂപ, ബസുകൾ ബ്രഷ് ചെയ്ത് വൃത്തിയാക്കുന്നതിന് എല്ലാ ദിവസവും 10 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.