വാക്കും വാക്യവും പ്രൈമറി ക്ലാസുകളിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് ഭാഷാമാർഗനിർദേശക വിദഗ്‌ധസമിതി


പത്തനംതിട്ട :- വാക്കും വാക്യവും പ്രൈമറി ക്ലാസുകളിൽത്തന്നെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് ഭാഷാമാർഗനിർദേശക വിദഗ്‌ധസമിതി. കഴിഞ്ഞദിവസം പുറത്തുവന്ന ശുപാർശകളിൽ മൂന്നാംക്ലാസ് മുതൽ ഇവ പഠിപ്പിച്ചാൽ മതിയെന്നായിരുന്നു ഉണ്ടായിരുന്നത്. അതിൽ ഭേദഗതി വരുത്തിയാണ് പുതിയ നിർദ്ദേശം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ ഔദ്യോഗികഭാഷാവിഭാഗത്തിന് സമർപ്പിച്ചത്. ഇത് കരട് നിർദേശമായിരുന്നെന്നും ഭേദ ഗതിയോടെയുള്ളതാണ് ഇപ്പോൾ സമർപ്പിച്ചതെന്നും ഭാഷാ മാർഗനിർദേശകവിദഗ്ധ സമിതി അധ്യക്ഷൻ വി.പി ജോയ് അറിയിച്ചു. 

"ഒന്നും രണ്ടും ക്ലാസുകളിൽ ത്തന്നെ അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ആർജിക്കുന്നതിനാവശ്യമായ പഠനരീതി നടപ്പാക്കണം. അതോടൊപ്പം പ്രൈമറി ക്ലാസുകളിൽത്തന്നെ വാക്കുകളും വാക്യങ്ങളും തെറ്റുകൂടാതെ എഴുതാനുള്ള ശേഷി വളർത്തിയെടുക്കണം."- ഇതാണ് പുതിയ ശുപാർശ. 

വിദ്യാഭ്യാസമേഖലയിലെ ഉദ്യോഗസ്ഥരുമായി സമിതി ജനുവരി 22-ന് നടത്തിയ യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്. വി.പി ജോയിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വാക്കും വാക്യവും അടുത്ത അധ്യയന വർഷം ഒന്നാം ക്ലാസിൽത്തന്നെ തുടങ്ങാൻ സർക്കാർ തീരുമാനിച്ച പശ്ചാത്തലത്തിൽ മൂന്നാം ക്ലാസിൽ അത് മതിയെന്ന ശുപാർശ ചർച്ചയായിരുന്നു. തുടർന്നാണ് ഭേദഗതികളോടെ പുതിയ ശുപാർശ സമർപ്പിക്കപ്പെട്ടത്.

Previous Post Next Post