തിരുവനന്തപുരം :- പിഎസ്‌സി നടത്തിയ യൂണിവേഴ്സിറ്റി ലാസ്‌റ്റ് ഗ്രേഡ് സെർവന്റ്സ് മെയിൻ പരീക്ഷയിൽ ആൾമാറാട്ടത്തിനു ശ്രമം. ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള തിരിച്ചറിയൽ പരിശോധന ആരംഭിച്ചതിനു പിന്നാലെ, ആൾമാറാട്ടത്തിനെത്തിയ യുവാവ് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിയോടി. പിഎസ്‌സി സ്ക്വാഡിലെ ഉദ്യോഗസ്‌ഥൻ പിന്നാലെ പാഞ്ഞെങ്കിലും യുവാവ് മതിൽ ചാടിക്കടന്ന് റോഡിൽ കാത്തുനിന്നയാൾക്കൊപ്പം ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇരുവരുടെയും ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നു പോലീസിനു ലഭിച്ചു.
പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിൽ ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. പിഎസ്‌സി സെക്രട്ടറി ഡിജിപിക്കു നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു. ആധാർ അധിഷ്‌ഠിത ബയോമെട്രിക് പരിശോധന പിഎസ്‌സി പരിക്ഷിച്ചത് ഇന്നലെയായിരുന്നു. തിരിച്ചറിയൽ രേഖകൾ ഒത്തു നോക്കിയായിരുന്നു നേരത്തെ പരീക്ഷ നടത്തിയിരുന്നത്. മുൻ ബെഞ്ചിലിരുന്ന ഉദ്യോഗാർഥിയുടെ വിരലടയാളം ബയോമെട്രിക് സംവിധാനത്തിൽ സ്‌കാൻ ചെയ്യാൻ തുടങ്ങിയതിനു പിന്നാലെയാണ് യുവാവ് ഇറങ്ങിയോടിയത്.