കണ്ണൂർ :- ജില്ലാ പഞ്ചായത്തിന്റെ 'എന്റെ പുസ്തകം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന 1056 പുസ്തകങ്ങളുടെ പ്രകാശനം ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകിട്ട് മൂന്നു മണിക്ക് പള്ളിക്കുന്ന് കൃഷ്ണ മേനോന് സ്മാരക വനിതാ കോളേജിലാണ് പരിപാടി. പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കഥാകൃത്ത് ടി പത്മനാഭന് വായനാ സന്ദേശം നല്‍കും. എം പിമാരായ വി ശിവദാസ്, പി സന്തോഷ്, കെ വി സുമേഷ് എം എല്‍ എ, കോര്പ്പറേഷന് മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികളില്‍ വായനയും സര്‍ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച പദ്ധതിയാണ് 'എന്റെ പുസ്തകം എന്റെ വിദ്യാലയം'. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50000 കുട്ടികള്‍ എഴുത്തും വരയും നിറവും നല്കിയ 1056 പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. കുട്ടികള്‍ തന്നെ എഡിറ്ററായി തയ്യാറാക്കിയ കയ്യെഴുത്തുപ്രതികള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, വായനക്കുറിപ്പുകള്‍, സയന്‍സ് ലേഖനങ്ങള്‍, ചെറുനാടകങ്ങള്‍ എന്നിവയാണ് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹായത്തോടെയാണ് ആശയം യാഥാര്‍ഥ്യമാക്കിയത്. കൈരളി ബുക്സ്, ചിന്ത പബ്ലിഷേഴ്സ് എന്നീ പ്രസാധകരാണ് പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ 2022-23, 2023-24 വര്‍ഷങ്ങളില്‍ നടപ്പാക്കിയ സമഗ്ര വിദ്യാഭ്യാസ പരിപാടിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു.
ജില്ലാ പഞ്ചായത്ത് മിനിഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ പി അംബിക, എസ് എസ് കെ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് എന്നിവര്‍ പങ്കെടുത്തു