ജനീവ :- ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം. ഐക്യരാഷ്ട്ര സംഘടന (യു.എൻ) പ്രസിദ്ധീകരിച്ച 'ഫുഡ് വെയ്‌സ്‌റ്റ് ഇൻഡക്സ് റിപ്പോർട്ട് 2024'ലാണ് സങ്കടകരമായ ഈ വിവരമുള്ളത്. നാളെ ലോക മാലിന്യരഹിതദിനത്തിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിൽ 2022 ലെ കണക്കുകളാണുള്ളത്. ആ വർഷം പ്രതിദിനം ലോകം പാഴാക്കിയ ഭക്ഷണം കൊണ്ട് 78 കോടി പട്ടിണിപ്പാവങ്ങൾക്കു ഒരു നേരമെങ്കിലും ഭക്ഷണം നൽകാമായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. 83 ലക്ഷം കോടി രൂപ വില മതിക്കുന്നതാണ് പാഴാക്കിയ ഭക്ഷണം.
ലോക വിപണിയിൽ ലഭ്യമായ ആകെ ഭക്ഷണത്തിന്റെ അഞ്ചിലൊന്നു വരും ഇത്. ഭക്ഷണം പാഴാക്കുന്നതിൽ മുന്നിൽ വീടുകൾ തന്നെയാണ്. ആകെ കളഞ്ഞതിൽ 60 കോടി ടൺ ( 60%) വീടുകളിൽ നിന്നു മാലിന്യക്കുട്ടയിൽ തട്ടിയതാണ്. റസ്‌റ്ററന്റുകൾ, കന്റീനുകൾ, ഹോട്ടലുകൾ എന്നിവയുടെ പങ്ക് 28%, ബാക്കി 12% കശാപ്പുശാലകളും പച്ചക്കറിക്കടകളും വക. കൊടും പട്ടിണിയുള്ള ലോകത്ത് ഇത്രയേറെ ആഹാരം പാഴാക്കുന്നതിനെ "ആഗോള ദുരന്തം' എന്നാണ് റിപ്പോർട്ട് തയാറാക്കിയ യു.എൻ പരിസ്‌ഥിതി ഏജൻസി വിശേഷിപ്പിക്കുന്നത്. പഠനക്കണക്കിലും വളരെ കൂടുതലായിരിക്കും യഥാർഥ അളവെന്നാണു വിലയിരുത്തൽ.