റംസാൻ വിപണി ; കേരളം കഴിക്കുന്നത് 100 കോടിയുടെ ഈന്തപ്പഴം


കൊച്ചി :- റംസാൻ സീസണിൽ പഴങ്ങൾ പോലെ പ്രധാനമാണ് ഈന്തപ്പഴവും. കേരളത്തിൽ ഈന്തപ്പഴത്തിന് റംസാൻ സീസണിൽ മാത്രം നടക്കുന്നത് ഏതാണ്ട് 80-100 കോടി രൂപയുടെ ഈന്തപ്പഴ കച്ചവടമാണ്. കോവിഡിനുശേഷം ആരോഗ്യ പരിചരണത്തിൽ ഈന്തപ്പഴമടക്കമുള്ള ഡ്രൈ ഫ്രൂട്‌സിനെ (ഉണക്കിയ പഴങ്ങൾ) ഭക്ഷണക്രമത്തിൽ കാര്യമായി ആളുകൾ ഉൾപ്പെടുത്തിയിരുന്നു. ഉയർന്ന പ്രതിരോധശേഷിയും വൈറ്റമിൻ ഘടകങ്ങളുമാണ് ഇതിനുകാരണം. ഡ്രൈ ഫ്രൂട്‌സിൽ ഈന്തപ്പഴം തന്നെയാണ് വില്പനയിൽ കേമൻ.

രാജ്യത്ത് ഈന്തപ്പഴത്തിൻ്റെ ഉത്പാദനമില്ലാത്തതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഈന്തപ്പഴം ഇറക്കുമതിയിൽ മുന്നിൽ. അജ്‌വ, സഫാവി, മറിയം, മെദ്‌ജൂൽ എന്നീ ഇനങ്ങളാണ് ഈന്തപ്പഴത്തിലെ കേമന്മാർ. സാധാരണ ഇനം ഈന്തപ്പഴത്തിന് കിലോഗ്രാമിന് 300 രൂപ മുതലാണ് വില. മുന്തിയ ഇനമാണെങ്കിൽ 3,000 രൂപയ്ക്കു മുകളിൽ വരെ വില നീളുന്നു.

ഈന്തപ്പഴത്തിനു പുറമേ, കശുവണ്ടി, അത്തി പ്പഴം, കിവി, വാൾനട്ട്, ഉണക്കമുന്തിരി, ചെറി, ബ്ലൂബെറി, പിസ്ത, ബദാം എന്നിവയ്ക്കാണ് ആവശ്യക്കാരുള്ളത്. യു.എസ്, തായ്‌ലാൻഡ്, ചിലി, ജോർദാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഡ്രൈ ഫ്രൂട്സ് ഇറക്കുമതി ചെയ്യുന്നുണ്ട്. ബദാമിന് കിലോയ്ക്ക് 400 രൂപ മുതൽ വില ആരംഭിക്കും. 4,000 രൂപയോളം വിലയുള്ള ആൾമണ്ട് മമ്പൂ ആണ് കൂട്ടത്തിൽ സ്റ്റാർ. ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാലാണ് വിലയിൽ ഗണ്യമായ കുറവില്ലാതെ തുടരുന്നതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

Previous Post Next Post