ഇന്ധനവില ; കണ്ണൂരും മാഹിയും തമ്മിലുള്ള ഇന്ധനവിലയിൽ 13 രൂപയുടെ വ്യത്യാസം


കണ്ണൂർ :- ഇന്ധനവിലയിൽ രണ്ടു രൂപ കുറവ് വന്നതോടെ കണ്ണൂരും മാഹിയും തമ്മിലുള്ള ഇന്ധനവിലയിൽ ശരാശരി 13 രൂപയുടെ അന്തരം. നേരത്തേ 2022 മേയ് 21-നാണ് കേന്ദ്ര സർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 7.50 രൂപയും കുറച്ചത്. ഇതിന് മുൻപ് ഇന്ധനവില റെക്കോഡിലെത്തിയിരുന്നു.

കണ്ണൂരിൽ പെട്രോൾ വില ലിറ്ററിന് 112.28 രൂപയും ഡീസലിന് 99.27 രൂപയുമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്രം എക്സൈസ് തീരുവ ഗണ്യമായി കുറച്ചത്. പിന്നീടിങ്ങോട്ട് 22 മാസമായി ക്രൂഡ് ഓയിൽ വിലമാറ്റത്തിനനുസരിച്ച് ഇന്ധനവിലയിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. 2016 വരെ എണ്ണക്കമ്പനികൾ അർധരാത്രിയിലായിരുന്നു വിലയിൽ മാറ്റം വരുത്തിയിരുന്നത്. നിലവിൽ രാവിലെ ആറിനാണ് വിലമാറ്റം.

തലശ്ശേരി-മാഹി ബൈപ്പാസ് തുറക്കുന്നത് വരെ മാഹിയിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു, അനുബന്ധമായി ഗതാഗതക്കുരുക്കും. എന്നാൽ, ബൈപ്പാസ് തുറന്നതോടെ സ്ഥിതി മാറി. വാഹനങ്ങൾ ഭൂരിഭാഗവും പുതിയ ബൈപ്പാസ് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് തലശ്ശേരിക്കും മാഹിക്കും മധ്യേ തിരക്കൊഴിഞ്ഞത്. ഭാരം കയറ്റിപ്പോകുന്ന വലിയ വാഹനങ്ങളും ടൂറിസ്റ്റ് ബസുകളും സ്വകാര്യ വാഹനങ്ങളും പുതിയ ബൈപ്പാസിലൂടെയാണ് നിലവിൽ യാത്രചെയ്യുന്നത്. ഇതു കാരണം മാഹി ദേശീയപാതയിലെ മിക്ക പമ്പുകളിലും തിരക്കൊഴിഞ്ഞു.  അതേസമയം മാഹിയുടെ അതിർത്തി പ്രദേശമായ പൂഴിത്തലയിലെ രണ്ട് പമ്പുകളിൽ സാമാന്യം നല്ല തിരക്കുണ്ട്.

അഴിയൂർ ഭാഗത്തെത്തുന്ന ചില വാഹനങ്ങൾ സർവീസ് റോഡിലൂടെ തിരിച്ചുവന്ന് മൂന്ന് കിലോമീറ്റർ ഓടി മാഹി അതിർത്തിയിലെ പമ്പുകളിലെത്തുന്നുണ്ട്. അതേസമയം, മൂന്ന് പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്ന പള്ളൂർ-ചൊക്ലി റോഡിൽ ചെറുവാഹനങ്ങളുടെ തിരക്ക് വർധിച്ചു. പുതിയ ബൈപ്പാസിൽ നിന്ന് പള്ളൂർ പാറാൽ റോഡിൽ ഇറങ്ങിയാണ് വാഹനങ്ങൾ ഇന്ധനം നിറയ്ക്കാനായി എത്തുന്നത്. ഇതുകാരണം പാറാലിലെ പെട്രോൾ പമ്പിലും ഗ്രാമത്തി, ചൊക്ലി പ്രദേശത്തെ പമ്പുകളിലും തിരക്ക് കൂടി. പന്തക്കൽ, മൂലക്കടവ് ഭാഗത്തെ വ്യാപാരമാകട്ടെ ഏറ്റക്കുറച്ചിലില്ലാതെ തുടരുകയാണ്.

Previous Post Next Post