പൾസ് പോളിയോ ; 1.74 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി


കണ്ണൂർ :- പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി. കണ്ണൂരിൽ 2143 ബൂത്തുകളിലായി 1,74,030 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ച് വരെ വിവിധ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്‌സ്റ്റാൻഡുകൾ, വായനശാലകൾ, വിമാനത്താവളങ്ങൾ, അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരി ച്ച ബൂത്തുകളിലും മൊബൈൽ ബൂത്തുകൾ വഴിയും പോളിയോ തുള്ളിമരുന്ന് നൽകി.

ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി.പി ദിവ്യ നിർവഹിച്ചു. ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് എം.നമ്പൂതിരിപ്പാട്, സ്റ്റേറ്റ് ടി.ബി ഓഫീസർ ഡോ.രാജാറാം, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജി.അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു.

നാല്, അഞ്ച് തീയതികളിൽ വോളന്റിയർമാർ വീടുകളിൽ സന്ദർശനം നടത്തി അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ഞായറാഴ്ച തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് വിവിധ വകുപ്പകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നടത്തുന്നത്.

Previous Post Next Post