തിരുവനന്തപുരം :- സംസ്‌ഥാനത്തെ യുവവോട്ടർമാർ ഉൾപ്പെടെയുള്ള പുതിയ വോട്ടർമാർക്കായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ അച്ചടിച്ചത് 17,25,176 തിരിച്ചറിയൽ കാർഡുകൾ. ഇവയിൽ ഒരു ഭാഗം വോട്ടർമാർ കൈപ്പറ്റിയെന്നും മറ്റുള്ളവ തപാലിൽ വോട്ടർമാർക്ക് അയച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസ് വ്യക്‌തമാക്കി. ആകെ 19,16,730 പുതിയ കാർഡുകളാണ് അച്ചടിക്കുന്നത്. ബാക്കി വരും ദിവസങ്ങളിൽ ലഭിക്കും. വിലാസക്കാരന് നൽകാനാവാതെ കാർഡ് മടങ്ങിയാൽ പിന്നീട് ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) വഴി വിതരണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചവർ കാർഡ് ലഭിച്ചില്ലെന്ന കാരണത്താൽ വീണ്ടും അപേക്ഷിക്കരുതെ ന്നും ഇതു ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്നും അധികൃതർ സൂചിപ്പിച്ചു. വോട്ടർ പട്ടികയിൽ പേരില്ലെന്ന സത്യപ്രസ്‌താവന നൽകിയാണ് ഓരോ തവണയും അപേക്ഷിക്കേണ്ടത് എന്നതിനാൽ ഇതു നിയമലംഘനമാണ്. വിലാസം, പേര്, പേരിലെ ഇനിഷ്യൽ എന്നിവയിൽ ചെറിയ മാറ്റങ്ങളോടെ അപേക്ഷിച്ചാൽ വീണ്ടും അപേക്ഷ ഓൺലൈനായി സമർപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, ഇലക്‌ടറൽ റജിസ്ട്രേഷൻ ഓഫിസർ, ബിഎൽഒ എന്നിവരുടെ വിശദ പരിശോധനയിൽ ഇതു കണ്ടെത്താനാകും.
വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആധാർ, പാൻകാർഡുകൾ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും വോട്ടു ചെയ്യാമെന്നും അധികൃതർ പറഞ്ഞു