തിരുവനന്തപുരം :- ആർടിഒ ഓഫിസുകളിലും സബ് ഓഫിസുകളിലും ഇന്നു മുതൽ ദിവസം 50 ഡ്രൈവിങ് ടെസ്‌റ്റ് മതിയെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാറിൻ്റെ കർശന നിർദേശം. ഇതോടെ ഇന്നും തുടർന്നുള്ള ദിവസങ്ങളിലേക്കും ടെസ്റ്റിന് തീയതി ലഭിച്ച ആയിരക്കണക്കിനാളുകളുടെ അവസരം നഷ്ടമാകും. ഒരു ദിവസം 180 പേരുടെ ടെസ്റ്റ് വരെ നടത്തുന്ന ഓഫിസുകളിലേക്ക് ഇന്നും നാളെയുമൊക്കെ ടെസ്‌റ്റിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം അവധിയെടുത്ത് വന്നവർ അടക്കം പ്രതിസന്ധിയിലായി. ഇന്നലെ ആർടിഒമാരുടെയും ജോയിന്റ് ആർടിഒമാരുടെയും ഓൺലൈൻ യോഗം വിളിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇക്കാര്യം ഇന്ന് ടെസ്റ്റിന് വരാൻ തയാറെടുത്തവരെ അറിയിക്കാൻ മാർഗ്ഗമില്ലാതെ എംവിഐമാരും കുഴങ്ങി.
സംസ്ഥാനത്ത് 80 കേന്ദ്രങ്ങളിലാണ് ആഴ്‌ചയിൽ നാലു ദിവസം 6 ടെസ്‌റ്റ് നടത്തുക. 120 മുതൽ 180 വരെ ടെസ്‌റ്റുകൾ ഒരു ദിവസം നടക്കുന്നതാണ് 50 എണ്ണമായി വെട്ടിക്കുറച്ചത്. നിലവിൽ ആഴ്‌ച തോറും അരക്ഷത്തോളം പേർ ടെസ്‌റ്റിനെത്തുന്നത് മൂന്നിലൊന്നായി കുറയുന്നതോടെ ആഴ്‌ച തോറും പതിനായിരങ്ങൾ നിലവിലെ പട്ടികയിൽ നിന്നു പുറത്താവും. മേയ് 1 മുതൽ പുതിയ ഡ്രൈവിങ് ടെസ്‌റ്റ് രീതി നടപ്പാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഒരു എംവിഐയ്ക്ക് നടത്താവുന്ന ടെസ്റ്റിന്റെ എണ്ണം 30 ആയി കുറച്ചിട്ടുണ്ട്.
രാത്രി യാത്രക്കാരില്ലെന്ന കാര്യം പറഞ്ഞ് അവസാന റൂട്ട് റദ്ദാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയെടുക്കാനും മന്ത്രി നിർദേശിച്ചു. കേരളത്തിലെ നിർമാണ പ്രവർ ത്തനങ്ങൾക്ക് മറ്റു സംസ്‌ഥാനങ്ങളിൽ നിന്ന് ഇവിടെ വന്നു ഓടുന്ന വാഹനങ്ങളിൽ നിന്നു കർശനമായി നികുതി പിരിക്കാനും മന്ത്രി നിർദേശം നൽകി.