കണ്ണൂര്‍ :- കണ്ണൂർ കോര്‍പ്പറേഷന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തില്‍ വയോജന പലഹാര ഫെസ്റ്റ് നടത്തി. മേയര്‍ മുസ് ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. താളിക്കാവ് സ്വയംപ്രഭ ഹോമിലെ വയോജനങ്ങളാണ് വിവിധ പലഹാരങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തിയത്. ബിണ്ടിയ, അരിയുണ്ട, കോഴിയട, പരിപ്പ് വട, ബോണ്ട, ഇലയട, കട്‌ലറ്റ്, ഉണ്ണിയപ്പം, കുഞ്ഞി കലത്തപ്പം തുടങ്ങിയ സ്വാദേറും പലഹാരങ്ങളാണ് വയോജനങ്ങള്‍ തങ്ങളുടെ വീടുകളില്‍ നിന്ന് തയാറാക്കിക്കൊണ്ടുവന്നത്.
കലക്ടറേറ്റ് ആംഫി തിയേറ്ററില്‍ വിപണനത്തിനൊരുക്കിയ പലഹാരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റുതീര്‍ന്നു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍ അഡ്വ. ചിത്തിര ശശിധരന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി. ബിജു, കെയര്‍ ഗിവര്‍ സജ്‌ന നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.