കൊളച്ചേരി:-യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് തളിപ്പറമ്പ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി.മീനമാസത്തിലെ കൊടുംചൂടിനെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ വഴിയരികില്‍ കാത്തുനിന്നത്.
രാവിലെ മാങ്ങാട്ട് പറമ്പിലെ കെല്‍ട്രോണ്‍ ആസ്ഥാനത്ത് എത്തി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി കൊണ്ടായിരുന്നു തളിപ്പറമ്പ് മണ്ഡല പര്യടനത്തിന് കെ.സുധാകരന്‍ തുടക്കമിട്ടത്. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളായ സുഹൃത്തുക്കളും കെ.സുധാകരനോടൊപ്പം വോട്ടഭ്യര്‍ത്ഥിക്കാന്‍ ഒപ്പം കൂടി. തുടര്‍ന്ന് ധര്‍മ്മശാലയിലെ എംവിആര്‍ ആയുര്‍വേദ കോളേജിലെത്തി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മഠപ്പുര സന്ദര്‍ശിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി അവിടെത്തെ പാരമ്പര്യ ട്രസ്റ്റിമാരുള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം വാങ്ങി. തുടര്‍ന്ന് അവിടത്തെ വ്യാപാരികളെയും പ്രദേശവാസികളെയും ഭക്തരരുള്‍പ്പെടെയുള്ള വിശ്വാസികളെയും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.ദീര്‍ഘകാലത്തെ ആത്മസുഹൃത്ത് തോട്ടട സ്വദേശി ആഡൂര്‍ രാഘവന്റെ മരണവാര്‍ത്ത സുഹൃത്തുക്കള്‍ കെ.സുധാകരനെ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി അന്തിമോചാരം അര്‍പ്പിച്ചശേഷം പ്രചാരണം തുടര്‍ന്നു. തുടർന്ന് മയ്യില്‍ പഞ്ചായത്തിൽ പര്യടനത്തിന് എത്തിയ സ്ഥാനാർത്ഥിയെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരും അകമ്പടി സേവിച്ചു. കൊളച്ചേരി കരിങ്കല്‍ കുഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.വി.പത്മനാഭന്‍ നായരെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം കൊളച്ചേരി പഞ്ചായത്ത് ഓഫീസ്, അറബിക് കോളേജ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വോട്ടഭ്യര്‍ത്ഥിച്ചു. ഉച്ചയൂണിന് ശേഷം ചേലേരി മുക്ക്,ചെക്കിക്കുളം,പാവന്നൂര്‍ മൊട്ട, മയ്യില്‍,ഏഴാം മൈല്‍, തളിപ്പറമ്പ്, നാടുകാണി അല്‍ മഖര്‍ എന്നിവിടങ്ങളിലുമെത്തി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ഇരിക്കൂര്‍,പേരാവൂര്‍ നിയോജക മണ്ഡല യുഡിഎഫ് കണ്‍വെന്‍ഷനുകളിലും പങ്കെടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തെ വിമര്‍ശിക്കുകയും രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ ഇന്ത്യസഖ്യത്തിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കേണ്ട പ്രധാന്യത്തെ കുറിച്ച് പ്രസംഗിക്കുകയും ചെയ്തു.സ്ഥാനാർത്ഥിക്കൊപ്പം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി,കെപിസിസി മെമ്പർമാരായ മുഹമ്മദ് ബ്ലാത്തൂർ, വി.പി അബ്ദുൽ റഷീദ്,ഡിസിസി ഭാരവാഹികളായ ടി ജനാർദ്ദനൻ,മനോജ് കൂവേരി , തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് പി കെ സരസ്വതി , കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ പി ശശിധരൻ,കല്യാശ്ശേരി ബ്ലോക്ക് പ്രസിഡന്റ് കൂനത്തറ മോഹനൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി - വി രാഹുൽ ,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് - അമൽ കുറ്റ്യാട്ടൂർ, ശിവദാസൻ കൊളച്ചേരി,മൻസൂർ പാമ്പുരുത്തി,മണ്ഡലം പ്രസിഡന്റ് കെ പി ആദംകുട്ടി , എം വി രവീന്ദ്രൻ ,ദാമോദരൻ കൊയിലേരിയൻ ,കെ എം ശിവദാസൻ, എ എൻ ആന്തൂരാൻ ,പ്രജോഷ് പൊയിൽ , വത്സൻ കടമ്പേരി , രഘുനാഥ് തളിയിൽ ,പി എം പ്രേംകുമാർ , ശ്രീജേഷ് കൊയിലേരിയൻ തുടങ്ങിയവർ ഉണ്ടായിരുന്നു .