തിരുവനന്തപുരം :- മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ (ഇ-കെ.വൈ.സി.) പരാജയപ്പെടുന്നവർ കൂടുന്നു. ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ വ്യത്യസ്തമായതാണു കാരണം. 6.10 ലക്ഷം പേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോൾ പേരിലെ പൊരുത്തമില്ലായ്മ കാരണം 4,789 പേർ പുറത്തായി. 1.54 കോടിയാളുകൾക്ക് മസ്റ്ററിങ് ആവശ്യമായതിനാൽ പൊരുത്തക്കുറവുമൂലം പുറത്താകുന്നവർ ഇനിയും കൂടും.
ഓൺലൈൻ സംവിധാനത്തിലൂടെയാണ് ആധാർ-റേഷൻ കാർഡ് പൊരുത്തം നിശ്ചയിക്കുന്നത്. 70 ശതമാനത്തിനു മുകളിൽ പൊരുത്തമുള്ളവരുടെ മസ്റ്ററിങ് മാത്രമാണു താലൂക്ക് സപ്ലൈ ഓഫീസുകൾ അംഗീകരിക്കുന്നത്. ബാക്കിയുള്ളവ നിരസിക്കുകയാണ്. ഇവർ ആധാറിലെയും റേഷൻ കാർഡിലെയും പേരുകളിലെ തെറ്റുതിരുത്തേണ്ടി വരും. ഓരോ കാർഡിലെയും അംഗങ്ങളുടെ ആധാർനമ്പർ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകൽ, പേരിൻ്റെ അക്ഷരങ്ങളിലെ മാറ്റം എന്നിവയാണു പ്രധാന പൊരുത്തക്കേടുകൾ. വിഷയം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മസ്റ്ററിങ് പരാജയപ്പെട്ടവരെ ഇതുവരെ അക്കാര്യമറിയിച്ചിട്ടില്ല. അതിനാൽ, കടകളിൽ മസ്റ്ററിങ്ങിനെത്തിയവരെല്ലാം അതു വിജയിച്ചതായി കണക്കാക്കിയിരിക്കുകയാണ്. പരാജയപ്പെടുന്നവരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.
റേഷൻ കടകളിലെ ഇ-പോസ് യന്ത്രം വഴിയാണ് മസ്റ്ററിങ്. ഏഴു ലക്ഷത്തിലേറെപ്പേർ മസ്റ്ററിങ് നടത്തി. ഇതിൽ ഒന്നരലക്ഷത്തിലേറെപ്പേരുടെ ആധാർ-റേഷൻ കാർഡ് പൊരുത്തം താലൂക്കുതലത്തിൽ പരിശോധിക്കാൻ ബാക്കിയാണ്. മസ്റ്ററിങ്ങിനും പോർട്ടബിലിറ്റി സംസ്ഥാനത്തെ ഏതു റേഷൻ കടയിലെത്തിയാലും മസ്റ്ററിങ് ചെയ്യാനുള്ള പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലി സംബന്ധമായ ആവശ്യത്തിനു മറ്റു ജില്ലകളിൽ താമസമാക്കിയവർക്കു സ്വന്തം റേഷൻ കടയിലെത്താതെതന്നെ മസ്റ്ററിങ് നടത്താം. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ താമസമാക്കിയവർക്ക് അവിടെ മസ്റ്ററിങ് നടത്താൻ കഴിയുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.