നാറാത്ത് :- പാമ്പുരുത്തി ശ്രീ കൂറുമ്പക്കാവിൽ തീചാമുണ്ഡി കെട്ടിയാടിയ രതീഷ് പണിക്കരെ ചിതഗ്നി സനാതന ധർമ്മ പാഠശാല ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. നാറാത്ത് ഓടൻപറമ്പിൽ പൊട്ടൻ ദൈവ സ്ഥാനത്തു നടന്ന ചടങ്ങിൽ പ്രകാശൻ പണിക്കർ, പി ഉത്തമൻ, സി ഷീജ, പി വിജയൻ എന്നിവർ പങ്കെടുത്തു.
നൂറു തവണ ഉടയാടയണിഞ്ഞും 20 തവണ ഉടയാടയില്ലാതെയും അഗ്നിപ്രവേശം ചെയ്ത രതീഷ് പണിക്കറുടെ ഒറ്റക്കോലം അഗ്നി താണ്ഡവം തന്നെയായിരുന്നു.
ഹിരണ്യ കശുവിനെ വധിച്ച നരസിംഹമൂർത്തിയെ വേണ്ട രീതിയിൽ മാനിക്കാതിരുന്ന അഗ്നിയോട്ള്ള കോപവും, വിഷ്ണു ഭക്തനായ പ്രഹ്ലാദനെ ചുട്ടെരിക്കാൻ ശ്രമിച്ച അഗ്നിയോടുള്ള യുദ്ധപ്രഖ്യാപനവുമാണ് മേലേരി ചാടൽ. അതോടൊപ്പം തന്നെ ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കാൻ വേണ്ടി അവതരിച്ച നരസിംഹമൂർത്തി തീയിൽ നിന്ന് രക്ഷിക്കുന്നതിന്റെ പ്രതീകമായിട്ടാണ് ഒറ്റക്കോലം അഗ്നിയിൽ ചാടുന്നതെന്നും ഐതിഹ്യമുണ്ട്.