കണ്ണൂർ :- കുറഞ്ഞ നിരക്കില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതിയുമായി റെയ്ഡ്കോ. വിപണി വിപുലീകരിക്കുക മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഉല്പന്നങ്ങള് കേരളത്തിലെ എല്ലാ വീടുകളിലും നേരിട്ട് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാവിലായി കറി പൗഡര്‍ ഫാക്ടറി അങ്കണത്തില്‍ എം വി ഗോവിന്ദന് മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു. ആദ്യ ഭക്ഷ്യ കിറ്റ് പെരളശ്ശേരിയിലെ സി കെ സൗമിനി ഏറ്റുവാങ്ങി.
നവീകരിച്ച റെയ്ഡ്കോ ഫുഡ് ബസാറിന്റെ ഉദ്ഘാടനവും 15 ഇനം പുതിയ ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും നടന്നു. റെയ്ഡ്കോ ചെയര്മാന് എം സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഫ്രൂട്ട് കാനിംഗ് യൂണിറ്റിലെ പുതിയ ഉല്പന്നങ്ങളുടെ ലോഞ്ചിംഗ് മുന്‍ എംഎല്‍എ കെ കെ നാരായണനും കറി പൗഡര്‍ യൂണിറ്റിലെ പുതിയ ഉല്പന്നങ്ങളുടെ ലോഞ്ചിംഗ് പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബയും നിര്‍വഹിച്ചു.
കോക്ടെയ്ല്‍ പാനീയങ്ങള്‍, ഇളനീര് ജ്യൂസ്, റാഗിപ്പൊടി, റാഗി പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്മീന്‍ - -തേങ്ങ ചമ്മന്തിപ്പൊടി, വിവിധതരം അച്ചാര്‍, കുടംപുളി, വാളന്‍പുളി, കുരുമുളക്, ബിരിയാണി മസാല, നുറുക്ക് അരി, അരിയട തുടങ്ങി 15 ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിങ്ങാണ് നടന്നത്. പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇത് ജില്ല മുഴുവനും സംസ്ഥാനതലത്തിലും വ്യാപിപ്പിക്കും. പദ്ധതിയിലൂടെ 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. കുടുംബശ്രീ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്, റെയ്ഡ്കോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്, വൈസ് ചെയര്മാന് വി ദിനേശന്, ഡയറക്ടര്‍ കോമള ലക്ഷ്മണന്, വിവിധ സംഘടനാ ഭാരവാഹികളായ പി വി ഭാസ്കരന്, കെ വി പ്രജീഷ്, കെ പി വിനോദ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എം കെ മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
ചാലോട് ഇരിക്കൂര്‍ റോഡില്‍ റെയ്ഡ്കോ സഹകരണ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന് വൈകിട്ട് 3.30ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലിനിക്കുകളുടെ സേവനവും മരുന്നുകളും ഇവിടെ ലഭ്യമാക്കും. കണ്ണോത്തുംചാല്‍ യൂണിറ്റില്‍ പുതുതായി ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മേയര്‍ മുസ് ലിഹ് മഠത്തില്‍ മുഖ്യാതിഥിയാകും.