ഇന്ത്യൻ നാവികസേനയ്ക്കു കൂടുതൽ കരുത്തേകി എം.എച്ച് 60 റോമിയോ സീഹോക്ക് ഹെലി കോപ്റ്ററുകൾ


കൊച്ചി :- ഇന്ത്യൻ നാവികസേനയ്ക്കു കൂടുതൽ കരുത്തേകി എം.എച്ച് 60 റോമിയോ സീഹോക്ക് ഹെലി കോപ്റ്ററുകൾ ബുധനാഴ്ച വൈകീട്ട് 4.30- ലെ ദക്ഷിണമേഖലാ ആസ്ഥാനത്ത് കമ്മിഷൻ ചെയ്യും. നാവികസേന മേധാവി അഡ്മ‌ിറൽ ആർ. ഹരികുമാർ മുഖ്യാതിഥിയാകും. ഐ.എൻ.എസ് ഗരുഡയിലെ ഹാങർ 550-ലാണ് ചടങ്ങുകൾ. വിമാന വാഹിനി കപ്പലുകൾക്കുൾപ്പെടെ സുരക്ഷയേകാൻ ഹെലികോപ്റ്ററുകൾക്കാകും.

എം.എച്ച്. 60 ആർ ഹെലികോപ്റ്ററുകൾ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ (I.N.A.S) എന്നാകും അറിയപ്പെടുക. അമേരിക്കയിൽ നിന്നു വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ആറെണ്ണമാണ് ഇന്ത്യയിലെത്തിയത്. കടലിനടിയിൽ മറഞ്ഞിരിക്കുന്ന അന്തർവാഹനികളെ കണ്ടെത്തി നശിപ്പിക്കാൻ ശേഷിയുള്ളവയാണ് എം.എച്ച് 60 ഹെലികോപ്റ്ററുകൾ. സമുദ്രോപരിതലത്തിലുള്ള കപ്പലുകളെ പ്രതിരോധിക്കാനാകുന്ന ഇവയെ തിരച്ചിൽ, രക്ഷാദൗത്യങ്ങൾ, മെഡിക്കൽ എമർജൻസി എന്നിവയ്ക്കും ഉപയോഗിക്കാം. ഇന്ത്യൻ മഹാസമുദ്രത്തിലടക്കം ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ ഇവ നാവികസേനയ്ക്ക് കരുത്തേകും.

Previous Post Next Post