തിരുവനന്തപുരം :- മനുഷ്യ-വന്യജീവി സംഘർഷം വർധിച്ച സാഹ ചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. മാർച്ച് 6 ന് ചേർന്ന മന്ത്രിസഭാ യോഗം വന്യമൃഗ ആക്രമണം സംസ്‌ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യ-വന്യ ജീവി സംഘർഷം ലഘൂകരിക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല സമിതി, ഉദ്യോഗസ്‌ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശിക തല ജാഗ്രതാ സമിതി എന്നിവ രൂപീകരിച്ചു.
മുഖ്യമന്ത്രിയാണ് സംസഥാന തല സമിതി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, ജില്ലയുടെ ചുമതലയുള്ള മന്ത്രി, തദ്ദേശ സ്‌ഥാപനത്തിൻ്റെ പ്രസിഡൻ്റ് എന്നിവരാണ് യഥാക്രമം സംസ്‌ഥാനതല ഉദ്യോഗസ്‌ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശികതല ജാഗ്രതാ സമിതികളുടെ അധ്യക്ഷൻമാർ.
മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയിൽ വനം, റവന്യു, തദ്ദേശ, പട്ടിക ജാതി-പട്ടിക വർഗ വകുപ്പു മന്ത്രിമാർ, വനം മേധാവി, കൃഷി വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മനുഷ്യ -വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഓഫിസർ.