വാഹന മലിനീകരണം ; പെട്രോൾ വാഹനങ്ങളുടെ പുകപരിശോധനയിൽ വീഴ്ച


തിരുവനന്തപുരം :- കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം ഉയർത്തുന്നതിൽ മോട്ടോർ വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളിൽപ്പെട്ട പെട്രോൾ വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതൽ ലാംഡ ടെസ്റ്റ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ, പരിശോധനാ കേന്ദ്രങ്ങളുടെ നവീകരണം ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് മോട്ടോർ വാഹനവകുപ്പ് നീട്ടിവെച്ചു. പെട്രോൾ വാഹനങ്ങളിലെ ഇന്ധന ജ്വലന സംവിധാനം കൃത്യമാണെങ്കിൽ മാത്രമേ പുറംതള്ളുന്ന വാതകങ്ങൾവഴിയുള്ള മലിനീ കരണത്തോത് കുറയുകയുള്ളൂ. ഇന്ധനവും വായുവും തമ്മിൽ ചേരുന്നതിലെ വ്യതിയാനം മുതൽ ജ്വലനരീതിയിലെ സാങ്കേതിക പോരായ്മകൾ വരെ മലിനീകരണം ഉയർത്തും. ഇത് നിയന്ത്രിച്ചാൽ മാത്രമേ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാൻ കഴിയുകയുള്ളൂ.

പരിശോധന നടക്കുന്ന സമയത്തെ എൻജിൻ വേഗം (ആർ. പി.എം) കൂടി കണക്കിലെടുത്താണ് ലാംഡ പരിശോധനയിൽ ഫലം നിശ്ചയിക്കുന്നത്. ഇതിനായി എൻജിൻ വേഗം കണക്കാക്കുന്ന സംവിധാനം വാഹന പുകപരിശോധനയ്ക്കുള്ള യന്ത്രങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. ലാംഡ ടെസ്റ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പരിശോധനാകേന്ദ്രങ്ങളുടെ ഉടമകൾ നൽകിയ കേസും 2022 നവംബറിൽ ഹൈക്കോടതി തള്ളിയിരുന്നു. മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പുതിയ രീതി അവലംബിച്ച സ്ഥിതിക്ക് കേരളത്തിലും നടപ്പാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച ഫയലിൽ പിന്നീട് നടപടിയെടുത്തിട്ടില്ല.


Previous Post Next Post