ആധാരപ്പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ ഇനി ഓൺലൈനിൽ


ഹരിപ്പാട് :- ആധാരങ്ങളുടെ പകർപ്പെടുക്കുന്നതിനുള്ള കുരുക്കഴിയുന്നു. ഓൺലൈനായി അപേക്ഷിച്ചാൽ അടുത്ത ദിവസം തന്നെ 50 രൂപ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ പകർപ്പ് ഓൺലൈനായി കിട്ടും. കളർ പ്രിൻ്റെടുത്താൽ സർക്കാരുമായും കോടതി വ്യവഹാരങ്ങളുമായും ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. 1988 മുതലുള്ള രേഖകൾ ഇങ്ങനെ കിട്ടും.

രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം, ഫീസടയ്ക്കാം. തുടർന്ന്, രേഖകൾ ഡൗൺലോഡ് ചെയ്യാം. വിവിധ തരത്തിലെ ആധാരങ്ങളുടെയും ഗഹാന്റെയും പകർപ്പുകൾക്ക് 380 രൂപയാണു ഫീസ്. നേരത്തേ ഈ പകർപ്പെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ഓൺലൈനായി അപേക്ഷാഫീസ് അടച്ച ശേഷം സബ് രജിസ്ട്രാർ ഓഫീസിലെത്തി തിരച്ചിൽഫീസ് അടയ്ക്കണമായിരുന്നു. തുടർന്ന്, 50 രൂപ മുദ്രപത്രവും രേഖകളുടെ പകർപ്പെടുക്കാനുള്ള കടലാസും വാങ്ങിക്കൊടുക്കണം. രണ്ടാമത്തെ പ്രവൃത്തി ദിവസം രേഖകൾ കൈമാറുമായിരുന്നു. 50 രൂപയുടെ മുദ്രപ്പത്രം കിട്ടാത്ത സാഹചര്യത്തിൽ ഉയർന്ന മൂല്യമുള്ള പത്രം വാങ്ങേണ്ടി വരാറുണ്ടായിരുന്നു.

ഫീസിനു പുറമേ പകർപ്പെടുക്കാനുള്ള കടലാസ് നൽകേണ്ടതും രജിസ്ട്രേഷൻ വകുപ്പിൽ വർഷങ്ങളായുള്ള കീഴ്വഴക്കമാണ്. സർക്കാരിൽനിന്ന് കടലാസ് അനു വദിക്കാത്തതിനാലാണ് അപേക്ഷകരെക്കൊണ്ട് വാങ്ങിപ്പിക്കുന്നതെന്നായിരുന്നു വിശദീകരണം. രേഖകളുടെ പകർപ്പ് ഓൺലൈനായി മുദ്രപ്പത്രത്തിൽത്തന്നെ നൽകുന്ന രീതിയാണ് നടപ്പാക്കുന്നത്.

Previous Post Next Post