പത്തനംതിട്ട :- പത്തുദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ശനിയാഴ്ച കൊടിയേറും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെയും, മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ രാവിലെ 8.30-നും ഒൻപതിനും മധ്യേ കൊടിയേറ്റ് നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഉത്സവബലിയും, ഉത്സവ ബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും.
മാർച്ച് 24-ന് ശരംകുത്തിയിൽ പള്ളി വേട്ട. പൈങ്കുനി ഉത്രം നാളായ മാർച്ച് 25-നാണ് ആറാട്ട്. രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്പ യിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്പയിൽ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. അന്ന് രാത്രിതന്നെ നട അടയ്ക്കും.