ഉത്തരവാദിത്വ ടൂറിസം ; നാട്ടിൻപുറങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്


കോഴിക്കോട് :- സംസ്ഥാന വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. 2023-24 സാമ്പത്തികവർഷം 617,851 തദ്ദേശസഞ്ചാരികളും 18,260 വിദേശസഞ്ചാരികളും എത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ അഞ്ചുലക്ഷത്തിലധികം സഞ്ചാരികളാണ് ഇത്തവണ എത്തിയത്.

സ്ത്രീ സൗഹൃദ വിനോദസഞ്ചാര പാക്കേജുകളിൽ 15,411 സഞ്ചാരികളുമെത്തി. കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിലായി സഞ്ചാരികൾക്കായി 140 പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഉത്തരവാദിത്വ ടൂറിസം മിഷന് കീഴിലുള്ള മൊത്തം സംരംഭങ്ങളുടെ എണ്ണം 25,188 ആയി. 4000 ലധികം സംരംഭങ്ങളുള്ള കോഴിക്കോടാണ് മുന്നിൽ. ഒരു വിനോദസഞ്ചാരകേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങൾക്ക് നന്നായി ജീവിക്കാൻ കഴിയുന്നതരത്തിൽ നിലനിർത്തിക്കൊണ്ട് സഞ്ചാരികൾക്ക് എത്താനും താമസിക്കാനും കഴിയുന്ന രീതിയിലേക്ക് മാറ്റുകയാണ് ഉത്തരവാദിത്വ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമീണവികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ഉപാധിയായി ടൂറിസത്തെ മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.

Previous Post Next Post