കൊച്ചി :- സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി വിഭാഗത്തിൽ നിയമിച്ച ജീവനക്കാർക്ക് സർക്കാർ സ്കൂളുകളിലെ പ്രീപ്രൈമറി ജീവനക്കാർക്കു സമാനമായ ശമ്പളം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചു നൽകിയ ഹർജിയിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി.
കെ.പി കാമാക്ഷിക്കുട്ടി, കെ.ടി ജോളി തോമസ്, പ്രീപ്രൈമറി കൂട്ടായ്മ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റെ നിർദേശം. ഇക്കാര്യത്തിൽ സമയം അനുവദിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി മേയ് 21-ന് പരിഗണിക്കാൻ മാറ്റി.
പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്കൂളുകളിലെ ജീവനക്കാർക്ക് ശമ്പളസ്സെയിൽ ഉൾപ്പെടെ സേവന വ്യവസ്ഥകൾ തയ്യാറാക്കാനും ഗവൺമെൻ്റ് സ്കൂളിലെ അധ്യാപകർക്കു സമാനമായി പരിഗണിക്കാനും നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഓണറേറിയത്തിനു പകരം ശമ്പളമാക്കണമെന്നും ഹർജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 1988-ലെ സർക്കാർ ഉത്തരവു പ്രകാരമാണ് പി.ടി.എ ചില സ്കൂളുകളിൽ പ്രീപ്രൈമറി വിഭാഗം നടത്തുന്നത്.