തിരുവനന്തപുരം :- സിക്കിൾസെൽ അനീമിയ എന്ന പേരിലറിയപ്പെടുന്ന അരിവാൾ രോഗത്തിനുള്ള മരുന്നിൻ്റെ വില കുറഞ്ഞ ഇന്ത്യൻ പതിപ്പ് വികസിപ്പിച്ചു. ഇറക്കുമതി ചെയ്യുന്ന മരുന്നിൻ്റെ ഒരു ശതമാനം മാത്രം വിലയുള്ള പുതിയ മരുന്ന് ഗോത്രവിഭാഗത്തിന് ഭീഷണിയായ രോഗം ഏറെ നിയന്ത്രണ വിധേയമാക്കും. ഡൽഹി ആസ്ഥാനമായുള്ള അകംസ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസാണ് 'ഹൈഡ്രോക്സി യൂറിയ' എന്ന മരുന്നിൻ്റെ വിലകുറഞ്ഞ പതിപ്പ് വികസിപ്പിച്ചിരിക്കുന്നത്.
വിദേശ മരുന്ന് ഇന്ത്യയിലെത്തുമ്പോൾ കുത്തിവെപ്പിനുള്ള ഒരു വൈലിന് 77,000 രൂപയാണ്. ഇന്ത്യൻ മരുന്നിൻ്റെ വില 600 രൂപ മാത്രമാണ്. വിദേശമരുന്നാകട്ടെ രണ്ടു മുതൽ എട്ടു ഡിഗ്രി സെൽഷ്യസിൽ ശീതീകരണ സംവിധാനത്തോടു കൂടി സൂക്ഷിക്കേണ്ടതാണ്. ഇവിടെ വികസിപ്പിച്ച മരുന്ന് സാധാരണ അന്തരീക്ഷ ഊഷ്മാവിൽ കേടുകൂടാതെ ഇരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഗോത്രവർഗക്കാരിൽ 86- ൽ ഒരാൾക്ക് അരിവാൾരോഗ സാധ്യത ഉണ്ടെന്നാണ് കണക്ക്.