ന്യൂഡൽഹി :- പ്ലേ സ്‌റ്റോർ നിരക്കു സംബന്ധിച്ച തർക്കത്തെത്തുടർന്നു പത്തോളം പ്രമുഖ കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്യാൻ തുടങ്ങി. തൊഴിൽ പോർട്ടൽ നൗക്കരി, 99 എക്കേഴ്സ് (റിയൽ എസ്‌റ്റേറ്റ്), ഷാദി ഡോട്ട് കോം, ഭാരത് മാട്രിമണി അടക്കമുള്ള ആപ്പുകളാണു ഗൂഗിൾ ഇന്നലെ നീക്കിയത്. ഇന്ത്യയ്ക്കിത് ഇരുണ്ട ദിനമാണെന്നു ഭാരത് മാട്രിമണി സൈറ്റിന്റെ സിഇഒ മുരുഗവേൽ ജാനകിരാമൻ പറഞ്ഞു. കൂടുതൽ ആപ്പുകൾ വരും ദിവസങ്ങളിൽ നീക്കം ചെയ്തേക്കും. കമ്പനികൾ ഗൂഗിളിനെതിരെ നിയമനടപടി പരിഗണിക്കുന്നുണ്ട്.
പ്ലേ സ്‌റ്റോറിലെ ആപ്പുകൾ വഴി ഉൽപന്നമോ സേവനമോ വിൽക്കുന്ന കമ്പനികളിൽനിന്ന് ഗൂഗിൾ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. ഇതു കൂടുതലാണെന്നു ചൂണ്ടിക്കാട്ടി ഷാദി ഡോട്ട് കോം, അൺഅക്കാദമി അടക്കം പല കമ്പനികളും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തർക്കം സുപ്രീം കോടതി വരെ എത്തിയെങ്കിലും കോടതി ഗൂഗിളിന് അനുകൂലമായ നില പാടാണു സ്വീകരിച്ചത്. ഡി സി ഹോട്സ്റ്റാർ, ടിൻഡർ അടക്കമുള്ളവയും ഗൂഗിൾ നയത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. കോടതികളുടെ ഇടക്കാല ഉത്തരവുകൾ ചൂണ്ടിക്കാട്ടി പല വലിയ കമ്പനികളും പണമടയ്ക്കുന്നില്ലെന്ന് ഗൂഗിൾ ആരോപിച്ചു. 3 വർഷത്തോളം കാത്തിരുന്ന ശേഷമാണു നടപടിയിലേക്കു കടക്കുന്നതെന്നാണു ഗൂഗിളിൻ്റെ വിശദീകരണം.