ന്യൂഡൽഹി :- കേന്ദ്രസർക്കാർ നിലപാട് കർക്കശമാക്കിയതോടെ പ്ലേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ മൊബൈൽ ആപ്പുകൾ പുനഃസ്ഥാപിക്കാൻ ഗൂഗിൾ നടപടി തുടങ്ങി. ഗൂഗിൾ പ്രതിനിധി കളെ കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് വിളിച്ചുവരുത്തി വിഷയം ചർച്ചചെയ്തു. ഇന്ത്യൻ ആപ്പുകൾ ഒഴിവാക്കി രാജ്യത്ത് പ്രവർത്തിക്കാനാവില്ലെന്ന് മുന്നറിയിപ്പും നൽകി. തുടർന്നാണ് ആപ്പുകൾ പുനഃസ്ഥാപിക്കാമെന്ന് കമ്പനി അറിയിച്ചത്. നൗകരി, 99 ഏക്കേഴ്സ്, ഭാരത് മാട്രിമോണി, ശാദി, മാ ട്രിമോണി.കോം, കുക്കു എഫ്.എം, ക്വാക് ക്വാക്, ട്രൂലി മാഡ്‌ലി, ബാലാജി ടെലിഫിലിംസ് ഓൾട്ട് തുടങ്ങിയ ആപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടവയിലുൾപ്പെടുന്നു.
സേവനഫീസ് സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്നാണ് വെള്ളിയാഴ്ച ജനപ്രിയ വൈവാഹിക ആപ്പുകളുൾപ്പെടെ 10 ഇന്ത്യൻ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കംചെയ്തത്.