കണ്ണൂർ :- കെ.എസ്.ആർ.ടി.സി യുടെ ജില്ലയിലെ ഡ്രൈവിങ് പരിശീലന കേന്ദ്രം തലശ്ശേരിയിൽ തുടങ്ങും. ടെസ്റ്റ് ഗ്രൗണ്ട് ഉൾപ്പെടെ തുടങ്ങാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി ഉത്തരവിറക്കി. തലശ്ശേരി ഉൾപ്പെടെ 22 സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈവിങ്ങ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങുക.
ഡ്രൈവിങ് സ്കൂളിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിനും യോഗ്യതയുള്ള ട്രെയിനറെ തിരഞ്ഞെടുക്കുന്നതിനും ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവിങ് സ്കൂളുകൾക്ക് ഡെമോൺസ്ട്രേഷൻ ഹാൾ, പരിശീലന വാഹനങ്ങൾ (രൂപമാറ്റം വരുത്തണം), മേൽക്കൂരയോടു കൂടിയ വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കണം. ഡ്രൈവിങ് സ്കൂളുകൾ ഒരു അംഗീകൃത പാഠ്യപദ്ധതി പിന്തുടരണം. പാഠ്യപദ്ധതിയിൽ ഡ്രൈവിങ് സിദ്ധാന്തം, ട്രാഫിക് നിയമങ്ങൾ, റോഡ് സുരക്ഷ, വാഹന പരിശീലനം എന്നിവ ഉൾപ്പെടുത്തണം.