തിരുവനന്തപുരം :- മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 100 കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരേ നടപടി. ഏപ്രിൽ ഒന്നിന് ആരംഭിച്ച പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയ 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെ.എസ്.ആർ.ടി.സി.യിലെ ദിവസ വേതനക്കാരും (ബദലി) ഉൾപ്പെടെ 26 പേരെ പിരിച്ചുവിട്ടു. 60 യൂണിറ്റുകളിലാണ്. വിജിലൻസ് വിഭാഗം പരിശോധന നടത്തിയത്. മദ്യം സൂക്ഷിച്ചവരും കുടുങ്ങിയിട്ടുണ്ട്. പിടിക്കപ്പെട്ടവരിൽ 39 ഡ്രൈവർമാരും, 22 കണ്ടക്ടർമാരും ഉൾപ്പെടുന്നു. ഒരു സ്റ്റേഷൻമാസ്റ്ററും കുടുങ്ങിയിട്ടുണ്ട്.
വെഹിക്കിൾ സൂപ്പർവൈസർ (2), സെക്യൂരിറ്റി സർജന്റ് (1), സ്ഥിരം മെക്കാനിക്ക് (9), ബദലി മെക്കാനിക്ക് (1), ബദലി കണ്ടക്ടർ (9), സ്വിഫ്റ്റ് കണ്ടക്ടർ(1), ബദലി ഡ്രൈവർ (10), സ്വിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ (5) എന്നിവരാണ് കുടുങ്ങിയത്. രാത്രി ഡ്യൂട്ടിയിൽ ജീവനക്കാർ മദ്യപിക്കുന്നതായി പരാതി ശക്തമായതിനെ തുടർന്നാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്. ബ്രത്ത് അനലൈസർ പരിശോധനയ്‌ക്കെതിരേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധം ഉയർത്തിയെങ്കിലും പരിശോധന തുടരാനാണ് തീരുമാനം. എല്ലാ വിഭാഗം ജീവനക്കാരെയും പരിശോധിക്കാനാണ് തീരുമാനം.