ഓൺലൈൻ തട്ടിപ്പ് ; 2023 ൽ കേരളത്തിൽ നിന്ന് നഷ്ടമായത് 201.79 കോടി രൂപ


തിരുവനന്തപുരം :- കേരളത്തിൽ നിന്ന് 2023ൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്‌ടമായത് 201.79 കോടി രൂപയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്താകെ 7488.64 കോടിയാണ് നഷ്ടമായത്. ഭൂരിഭാഗം പണവും ചൈനയിലെ അക്കൗണ്ടുകളിലേക്കാണു പോയത്. ഇന്നു സംസ്ഥാന പൊലീസ് സൈബർ മേധാവികളുടെ യോഗം ആഭ്യന്തര മന്ത്രാലയം വിളിച്ചിട്ടുണ്ട്. 

കേരളത്തിൽ കൂടുതൽ പേർക്കും പണം പോയത് വീട്ടിലിരുന്നു പണമുണ്ടാക്കാമെന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത‌് പിന്നീട് ടെലിഗ്രാം ആപ്പിലൂടെ നടത്തുന്ന ഓൺലൈൻ ട്രേഡിങ്ങിലാണ്. കൂടുതലും തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ. ഈ മാസം 15 മുതൽ ഈ നഗരങ്ങളിൽ പൊലീസ് ബോധവൽക്കരണം നടത്തും.

2023ൽ ഏറ്റവും കൂടുതൽ പണം നഷ്ടമായത് മഹാരാഷ്ട്രയിലാണ്- 990 കോടി. തെലങ്കാന (759), യുപി (721), തമിഴ്‌നാട് (661), കർണാടക (662), ഗുജറാത്ത് (650) എന്നിങ്ങനെയാണു കണക്ക്. 1930 എന്ന ഹെൽപ്ലൈൻ നമ്പറിലേക്കു പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. തട്ടിപ്പിനിരയാകുമ്പോൾത്തന്നെ വിളിച്ചാൽ ബാങ്കിൽ നിന്നു പണം പിൻവലിക്കുന്നതു തടയാനാകും. കേരളത്തിലെ 201.79 കോടിയിൽ 36 കോടി ഇത്തരത്തിൽ തടഞ്ഞുവയ്ക്കാൻ കഴിഞ്ഞു.



Previous Post Next Post