2023-24 വർഷം ഇന്ത്യൻ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകൾ


മുംബൈ :- കഴിഞ്ഞ സാമ്പത്തികവർഷം വിവിധ കമ്പനികളുടേതായി ഇന്ത്യൻ നിരത്തുകളിലെത്തിയത് 39.48 ലക്ഷം കാറുകൾ. ഒരു സാമ്പത്തികവർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്ന് വാഹന ഡിലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ) പറയുന്നു. 2022-28 സാമ്പത്തികവർഷം 36.40 ലക്ഷം കാറുകളായിരുന്നു വിറ്റത്. 8.45 ശതമാനമാണ് ഇത്തവണത്തെ വിൽപ്പന വളർച്ച. വാഹനങ്ങളുടെ ലഭ്യത ഉയർന്നതും വിതരണശൃംഖല ശക്തിപ്പെട്ടതുമാണ് വിൽപ്പന ഉയരാനുള്ള പ്രധാനഘടകമെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു.

പുതിയ മോഡലുകളുടെ കടന്നുവരവും റോഡ് അടിസ്ഥാനസൗകര്യങ്ങളിലെ വർധനയും വിൽപ്പനയിൽ പ്രതിഫലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.യു.വി.കൾക്കാണ് കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായത്. ആദ്യമായി 50 ശതമാനം വിപണിവിഹിതം എസ്.യു.വി കൾ സ്വന്തമാക്കി. അതേസമയം, മാർച്ചിൽ മുൻവർഷത്തെ അപേക്ഷിച്ച് കാർവിൽപ്പന ആറുശതമാനം കുറഞ്ഞു. 3.22 ലക്ഷം കാറുകളാണ് മാർച്ചിൽ വിറ്റഴിഞ്ഞത്. മുൻവർഷമിത് 3.44 ലക്ഷമായിരുന്നു. കാർവിപണിയിൽ 40.94 ശതമാനം വിപണിവിഹിതവുമായി മാരുതി സുസുക്കിയാണ് മുന്നിൽ. 14.49 ശതമാനവുമായി ഹ്യുണ്ടായ് രണ്ടാമതും 13.52 ശതമാനവുമായി ടാറ്റ മോട്ടോഴ്‌സ് മൂന്നാമതുമാണ്. മഹീന്ദ്ര (8.96 ശതമാനം), കിയ (6.47 ശതമാനം), ടൊയോട്ട (4.38 ശതമാനം) എന്നിങ്ങനെയാണ് തുടർന്നുള്ള മൂന്നു സ്ഥാനങ്ങൾ.

Previous Post Next Post