മുംബൈ :- രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവർഷം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ 27 ശതമാനം വർധന. 2022-23 സാമ്പത്തിക വർഷം 14.30 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നതെങ്കിൽ 2023-24ലിത് 18.26 ലക്ഷം കോടി രൂ പയായി ഉയർന്നു. മാർച്ചിൽ ആകെ 1,64,586 കോടി രൂപയുടെ ഇടപാടുകളാണ് ക്രെഡിറ്റ് കാർഡ് വഴി നടന്നത്. മുൻവർഷത്തെ 1,37,310 കോടി രൂപയെക്കാൾ 20 ശതമാനമാണ് വർധന. 2024 ഫെബ്രുവരിയിലിത് 1.49 ലക്ഷം കോടി രൂപയായിരുന്നു. സാമ്പത്തിക വർഷാവസാനത്തിൻറെയും ഉത്സവകാല വിൽപ്പനയുടെയും ചുവടുപിടിച്ചാണ് മാർച്ചിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടിയതെന്നാണ് വിലയിരുത്തൽ. മാർച്ചിലെ 1.64 ലക്ഷം കോടി രൂപയിൽ പോയിന്റ് ഓഫ് സെയിൽ രീതിയിലുള്ള ഇടപാടുകൾ 60,378 കോടി രൂപയുടേതാണ്. ഫെബ്രുവരിയിലിത് 54,431 കോടി രൂപയായിരുന്നു. 2023 മാർച്ചിലിത് 50,920 കോടിയായിരുന്നു. ഇ-കൊമേഴ്സ് രീതിയിൽ ചെലവഴിച്ച തുക 1.04 ലക്ഷം കോടിയായി. ഫെബ്രുവരിയിലിത് 94,774 കോടി രൂപയായിരുന്നു. 2023 മാർച്ചിൽ 86,390 കോടിയും.
ആദ്യമായാണ് ഒരുമാസം ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ-കൊമേഴ്സ് ഇടപാട് ഒരുലക്ഷം കോടി രൂപ കടക്കുന്നത്. രാജ്യത്ത് ഉപയോഗത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം മാർച്ചിൽ 10.18 കോടിയായി കൂടിയിട്ടു ണ്ട്. ഫെബ്രുവരിയിലിത് 10.06 കോടിയായിരുന്നു. ക്രെഡിറ്റ് കാർഡ് വിപണിയിൽ എച്ച്.ഡി.എഫ്. സി. ബാങ്കിന് 20.2 ശതമാനം വിപണിപങ്കാളിത്തമുണ്ട്. 43,471 കോടി രൂപയുടെ ഇടപാടുകളാണ് എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി നടന്നത്. ഫെബ്രുവരിയിലെ 40,288.51 കോടിയിൽനിന്ന് 8.57 ശതമാനമാണ് വളർച്ച. എസ്.ബി.ഐ. (18.5 ശതമാനം), ഐ.സി.ഐ.സി.ഐ. ബാങ്ക് (16.6 3 ശതമാനം), ആക്സിസ് ബാങ്ക് (14 ശതമാനം), കൊടക് മഹീന്ദ്ര ബാങ്ക് (5.8 ശതമാനം) എന്നിങ്ങനെയാണ് വിപണിവിഹിതം. എസ്.ബി.ഐ. കാർഡ്‌സിൻ്റെ ഇടപാ ടുകൾ 7.32 ശതമാനം വളർച്ചയോടെ 24,949.17 കോടി രൂപയിലെത്തി. അതേസമയം, രാജ്യത്ത് ഡെബിറ്റ് കാർഡ് ഉപയോഗം കുറയുകയാണ്. മാർച്ചിൽ ഇടപാടുകളുടെ എണ്ണത്തിൽ 30 ശതമാനം വരെയാണ് കുറവ്. യു.പി.ഐ. ഇടപാടുകളുടെ പ്രചാരമാണ് ഡെബിറ്റ് കാർഡുകൾക്ക് തിരിച്ചടിയായത്.