കൊച്ചി :- ഒരു കാലഘട്ടത്തിൽ നിരത്തുകളിലെ ആവേശത്തിൻ്റെ അടയാളമായിരുന്ന സൈക്കിൾ വീണ്ടും വിപണി കീഴടക്കി സവാരി തുടരുകയാണ്. വേനലവധിക്കാലമായതോടെ വില്പന ഉയർന്നു. ഇത്തവണ വേനൽ സീസണിൽ മാത്രം കേരളത്തിൽ സൈക്കിൾ വില്പന 500 കോടി രൂപ കടക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. മുൻ വർഷത്തെക്കാൾ ഏതാണ്ട് 30-40 ശതമാനത്തിന്റെ അധിക വില്പനയാണ് ഈ മേഖല ലക്ഷ്യമിടുന്നത്. മുൻപ് സാധാരണക്കാരൻ്റെ വാഹനമായിരുന്ന സൈക്കിളുകൾ ഇപ്പോൾ വിലയിലും അല്പം സ്റ്റാറാണ്.
മൂന്നുവയസ്സുള്ള കുട്ടികളുടെ സൈക്കിളുകൾക്ക് 3,200 രൂപ മുതലാണ് വില. ഗിയർ സംവിധാനമുള്ള 45,000 രൂപയോളം വില വരുന്ന സൈക്കിളുകൾക്കും ആവശ്യക്കാരേറെ. 10 ലക്ഷത്തോളം രൂപ വില വരുന്ന സൈക്കിളുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യം. എല്ലാ വർഷവും സ്കൂൾ വേനലവധിക്കാലത്ത് സൈക്കിൾ വില്പന കൂടാറുണ്ട്. ഇതിനു പുറമേ ഇപ്പോൾ നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളിലും സൈക്കിൾ ഉപയോഗം കൂടിയെന്ന് വ്യാപാരികൾ അവ കാശപ്പെടുന്നു. സൈക്കിളുകളോടൊപ്പം ഹെൽമെറ്റ്, കൈയുറ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയ്ക്കും നല്ല വില്പനയുണ്ട്.