കൊണ്ടോട്ടി :- വിഷു അടുത്തതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു കൊന്നപ്പൂവ് കയറ്റുമതി തകൃതിയായി. പ്രാദേശികമായി ശേഖരിച്ചു വിഐപി പരിഗണനയോടെ കടൽ കടക്കുകയാണ് കണിക്കൊന്ന. കരിപ്പൂരിൽ നിന്നുള്ള കയറ്റുമതിക്കു വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും കൊന്നപ്പൂവ് ശേഖരിക്കുന്നത്. കൂടുതൽ ഓർഡർ വന്നാൽ കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നും പൂക്കൾ ശേഖരിക്കും. മിക്ക ഗൾഫ് നാടുകളിലേക്കും കണിക്കൊന്നയുടെ കയറ്റുമതിയുണ്ട്. അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും. വിഷു അടുത്തതോടെ കയറ്റുമതിയിൽ പ്രധാന ഇനമായി കൊ ന്നപ്പൂവ് മാറി കഴിഞ്ഞ രണ്ടു ദിവസം 1750 കിലോഗ്രാം, 1875 കിലോഗ്രാം വീതം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നു 'പൂക്കൾ' കയറ്റുമതി ചെയ്‌തു. അതിൽ 75% കൊന്നപ്പൂവ് ആണ്. ഇന്നലെ വൈകിട്ട് വരെ 1500 കിലോഗ്രാം പൂക്കൾ കയറ്റുമതി ചെയ്തു. അവയിൽ ഏറെയും കൊന്ന തന്നെ.
കൊന്നപ്പൂവ് ഗൾഫിൽ വിൽക്കുമ്പോൾ 2 പ്രധാന ഡിമാൻഡ് ഉണ്ട്. വാടരുത്, പൂക്കൾ തണ്ടിൽ നിന്നു വിട്ടു പോകരുത്. രണ്ടു വലിയ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ തെർമോകോൾപെട്ടികളിലാണ് യാത്ര. ഈ പെട്ടിയിൽ നിശ്ചിത ജെൽ ഐസ് ഇട്ടാണ് പാക്കിങ്. ശരിക്കും വിഐപി പരിഗണന. കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപ വരെ നൽകിയാണ് കയറ്റുമതി ഏജൻസികൾ കണിക്കൊന്ന ഏറ്റെടുക്കുന്നത്. ഒരു പെട്ടിയിൽ ശരാശരി 4 കിലോഗ്രാം പൂക്കളാണ് ഉണ്ടാകുക. 5 കിലോഗ്രാം കൊന്നപ്പൂ കൊണ്ടുപോകണമെങ്കിൽ വിമാനത്തിൽ, 20 കിലോഗ്രാം മറ്റു സാധനങ്ങൾ കൊണ്ടുപോകാനുള്ള സ്‌ഥലം വേണം. ഇതിൻ്റെ ചെലവു കണക്കാക്കുമ്പോൾ, കൊന്നപ്പൂവിനു 'വില' കൂടുമെന്ന് കരിപ്പൂരിലെ കെഎൻപി എക്സ്പോർട്സ് :ഉടമ സുഫിയാൻകാരി പറഞ്ഞു.