കണ്ണൂർ :- ജില്ലയിലെ ഭിന്നശേഷി വോട്ടർമാർക്കായി ആരോഗ്യ വകുപ്പിന്റെയും കെ.എസ്.എസ്.എമ്മിന്റെയും നേതൃത്വത്തിൽ ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പുകൾ ഏപ്രിൽ 9 ന് നടത്തും. കണ്ണൂർ ജില്ല ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, പയ്യന്നൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ക്യാമ്പ്.
മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവർക്കും ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കേണ്ടവരുമായ 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
താത്‌പര്യമുള്ളവർ ഓൺലൈനായി www.swavlambancard.gov.in ൽ രജിസ്റ്റർ ചെയ്യണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വന്തമായും രജിസ്റ്റർ ചെയ്യാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഭിന്നശേഷി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റർ ചെയ്തവരെ മാത്രമേ ക്യാമ്പിൽ പങ്കെടുപ്പിക്കൂ. രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന പ്രിന്റൗട്ട് ക്യാമ്പിൽ വരുമ്പോൾ ഹാജരാക്കണം. ക്യാമ്പ് ദിവസം രാവിലെ ഒൻപത് മുതൽ 11.30 വരെയാണ് രജിസ്ട്രേഷൻ.