കണ്ണൂർ :- ഉയർന്ന വൈദ്യുതിലോഡിൽ കേരളം വിയർക്കുമ്പോൾ ഉത്തരമലബാർ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച 220 കെ.വി ലൈനിൽ തകരാർ വന്നപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ രാത്രി 11 വരെ വൈദ്യുതി നിയന്ത്രിച്ചു. കാഞ്ഞിരോട് - അമ്പലത്തറ 220 കെ.വി ലൈനാണ് ഡ്രിപ്പായത്. തളിപ്പറമ്പ് കുപ്പത്ത് ഇൻസുലേറ്റർ കത്തിയതാണ് കാരണം. കാഞ്ഞിരോട് - തളിപ്പറമ്പ് വഴി മൈലാട്ടി 220 കെ.വി ലൈനിലേക്ക് വൈദ്യുതി കടത്തിവിട്ടെങ്കിലും ലോഡ് താങ്ങാനായില്ല. അതിനാൽ രാത്രി 11 വരെ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തി. ഉത്തരമലബാറിൽ വൈദ്യുതി പ്രസരണം ചെയ്യുന്ന കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷനിൽ 490 മെഗാവാട്ട് രേഖപ്പെടുത്തി. സർവകാല റെക്കോഡാണിത്.
മാർച്ചിൽ 456 മെഗാവാട്ടായിരുന്നു ഉയർന്ന ലോഡ്. മുൻവർഷങ്ങളിൽ ഇത് ശരാശരി 360 മെഗാവാട്ട് മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 362 മെഗാവാട്ടിനേക്കാൾ 128 മെഗാവാട്ടാണ് ഇപ്പോൾ അധികം വന്നത്. കേരളത്തിലെ വൈകിട്ടുള്ള കൂടിയ (പീക്ക്) ഉപയോഗവും കനത്തു. ഇത് 5353 മെഗാവാട്ടായി ഉയർന്നു. മാർച്ചിൽ 5150 മെഗാവാട്ടായിരുന്നു രേഖപ്പെടുത്തിയത്. 4032 മെഗാവാട്ടാണ് ഇപ്പോൾ പകലത്തെ കൂടിയ ഉപയോഗം. 3874 മെഗാവാട്ടായിരുന്നു മാർച്ചിൽ രേഖപ്പെടുത്തിയത്.
11 കെ.വി. ലൈനിൽ സെറ്റ് ചെയ്ത 200 ആംപിയർ പരിധിക്കുമുകളിൽ ലോഡ് വന്നതോടെ ഒരു ലൈനിൽ തന്നെ പാതിയിൽ ലൈൻ കട്ട് ചെയ്യേണ്ട സ്ഥിതിയിലായി. ആവശ്യമായ വൈദ്യുതിലഭ്യത കുറഞ്ഞപ്പോൾ വീടുകളിൽ വോൾട്ടേജ് കുറഞ്ഞു. വോൾട്ടേജ് കുറയുമ്പോൾ ട്രാൻസ്ഫോർമറുകളിലെ കറന്റ്റ് വർധിച്ച് പ്രസരണ നഷ്ടത്തിനൊപ്പം തകരാർ വരാതിരിക്കാൻ ലൈൻ പാതിയിൽ ഓഫാക്കേണ്ട സ്ഥിതിയിലാണ് സെക്ഷൻ ഓഫീസുകൾ.