എൻഡ്-ടു -എൻഡ് എൻക്രിപ്ഷൻ സംവിധാനം ഒഴിവാക്കാനാകില്ലെന്ന് വാട്സാപ്പ്


ന്യൂഡൽഹി :- ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു -എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ മതിയാക്കേണ്ടിവരുമെന്ന് വാട്‌സാപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശമയക്കുന്നവർക്കും സ്വീകർത്താവിനും മാത്രമേ സന്ദേശത്തിന്റെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. എന്നാൽ, പുതിയ ഐ.ടി നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുമെന്നാണ് വ്യവസ്ഥ. ഇത്തരത്തിലൊരു സാഹചര്യമുണ്ടായാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് വാട്‌സാപ്പിനുവേണ്ടി ഹാജരായ അഭിഭാഷകൻ തേജസ് കരിയ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.

പുതിയ ഐ.ടി നിയമപ്രകാരം സാമൂഹികമാധ്യമങ്ങളിൽ ആദ്യ സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ചോദ്യംചെയ്ത് ഫെയ്‌സ്ബുക്കും വാട്സാപ്പും നൽകിയ ഹർജിയിലാണ് വാദം നടക്കുന്നത്. വാട്സാപ്പ് ഉപയോക്താക്കളുടെ ലക്ഷക്കണക്കിന് സന്ദേശങ്ങൾ അനിശ്ചിത കാലത്തേക്ക് സൂക്ഷിക്കുന്നതിന് ഇത് കാരണമാക്കുമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 2021 ഫെബ്രുവരി 25- നാണ് പുതിയ ഐ.ടി. ചട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ട്വിറ്റർ, ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്ന നിയമങ്ങളെ എതിർക്കുന്നതിന് പൊതുസമൂഹത്തിനൊപ്പം നിലകൊള്ളുമെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കിയത്. ഏതു മെസേജാണ് ഡീക്രിപ്റ്റ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാൽ ലക്ഷക്കണക്കിന് മെസേജുകൾ വർഷങ്ങളോളം സൂക്ഷിക്കേണ്ടതായി വരുമെന്ന് അഭിഭാഷകൻ തേജസ് കരിയ ചൂണ്ടിക്കാട്ടി. സമാനമായ നിയമം മറ്റു രാജ്യങ്ങളിലുണ്ടോയെന്ന് വാദംകേട്ട  ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹനും ജസ്റ്റിസ് മൻമീറ്റ് പ്രീതം സിങ് അറോറയുമടങ്ങിയ ബെഞ്ച് • അന്വേഷിച്ചു. എന്നാൽ, ലോകത്തെവിടെയും ഇത്തരത്തിലുള്ള നിയമമില്ലെന്നായിരുന്നു അഭിഭാഷകൻ്റെ മറുപടി. വർഗീയകലാപം പോലുള്ള കേസുകളിൽ അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു നിയമത്തിൻ്റെ ആവശ്യമുണ്ടെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. പുതിയ .ഐ.ടി നിയമത്തിലെ വിവിധ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന മറ്റു കേസുകൾക്കൊപ്പം കേസ് ഓഗസ്റ്റ് 14-ന് കോടതി വീണ്ടും പരിഗണിക്കും.

Previous Post Next Post