കണ്ണൂർ :- ചൂട് കനത്തതോടെ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായിത്തുടങ്ങി. ചെറുപുഴ പഞ്ചായത്തിലെ കക്കോട് ഭാഗത്തും അയ്യൻകുന്ന് പഞ്ചായത്തിലെ ചില ഭാഗങ്ങളിലും ടാങ്കറിൽ വെള്ളം എത്തിച്ചു തുടങ്ങി. ആറളം, പായം, ശ്രീകണ്ഠപുരം നഗരസഭ, ചപ്പാരപ്പടവ്, ആലക്കോട്, നടുവിൽ, ഉദയഗിരി, ചെറുപുഴ, ഏഴോം, മാലൂർ, കടമ്പൂർ, ചെമ്പിലോട്, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകൾ ജലവിതരണത്തിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയിട്ടുണ്ട്. ജല വിതരണത്തിനായി ജിപിഎസ് ട്രാക്കിങ് സംവിധാനമുള്ള ടാങ്കറുകളിൽ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
ജില്ലയിൽ പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് 53 ശതമാനം വീടുകളിൽ മാത്രമാണ്. എല്ലാ വീ ടുകളിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും നടക്കുന്നുണ്ടെങ്കിലും പൂർണമായും ലക്ഷ്യത്തിലെത്താൻ രണ്ടു വർഷമെങ്കിലും വേണ്ടിവരും. ഈ മാസത്തോടെ എല്ലാ വീട്ടിലും പൈപ്പ് വഴി കുടിവെള്ളം എത്തിക്കുകയായിരുന്നു കേന്ദ്ര സർക്കാർ നടപ്പാക്കിയ ജൽ ജീവൻ മിഷൻ്റെ (ഹർ ഘർ ജൽ) ലക്ഷ്യം.
2019 ഓഗസ്റ്റ് 15നാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിനു ശേഷം അതിവേഗം കണക്ഷനുകൾ നൽകാൻ തുടങ്ങിയെങ്കിലും ജില്ലയുടെ മലയോര പ്രദേശങ്ങളിലും മറ്റും ടാങ്ക് നിർമാണം, കിണർ നിർമാണം, പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയവ പൂർത്തിയാകാൻ എന്നിവ വൈകിയതാണ് പദ്ധതി പാതിവഴിയിലാവാൻ കാരണം.ആദ്യഘട്ടത്തിൽ ടെൻഡർ ചെയ്ത ഭാഗങ്ങളിൽ പൈപ്പ് ലൈൻ പ്രവൃത്തി തുടങ്ങാനും വൈകി.
മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ പൈപ്പിടാൻ സാധിക്കാത്തതും പ്രവൃത്തികൾക്ക് പിഡബ്ല്യുഡി മൺസൂൺകാല നിയന്ത്രണം ഏർപ്പെടുത്തിയതും തടസ്സമായിരുന്നു. മഴ മാറിയെങ്കിലും പ്രവൃത്തിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. മാർച്ച് മാസത്തോടെ 70% വീടുകളിലെങ്കിലും കണക്ഷൻ ലഭ്യമാക്കാനുള്ള ശ്രമവും വിഫലമായതാണ് ജലക്ഷാമം രൂക്ഷമാക്കിയത്.