കാൽ നടയാത്രക്കാരുടെ സുരക്ഷയ്ക്കായി സീബ്രാ ലൈനുകൾ രേഖപ്പെടുത്തേണ്ടത് അനിവാര്യം - മനുഷ്യാവകാശ കമ്മീഷൻ


കണ്ണൂർ :- കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരക്കേറിയ റോഡുകളിൽ സീബ്രലൈനുകൾ രേഖപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നഗരസഭകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ള സ്ഥലങ്ങളിൽ സീബ്ര ലൈനുകൾ രേഖപ്പെടുത്താൻ 4,66,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചതായി കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ മൂന്നു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

കാൾടെക്സ്, കെ.എസ്.ആർ.ടി.സി, താണ, ആനയിടുക്ക് എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നൽ തകരാറിലാണെന്നും പഴയ ബസ് സ്റ്റാന്റ്, മുനീശ്വരൻ കോവിൽ, റയിൽവേ സ്റ്റേഷന് മുൻവശം, കണ്ണൂർ കോടതിക്ക് മുൻവശം, കളക്ടറേറ്റ്, കാൾ ടെക്സ്, താണ എന്നിവിടങ്ങളിലെ സീബ്ര ലൈനുകൾ മാഞ്ഞുപോയെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിക്കുന്നത് കാരണമാണ് പെയിന്റ് മാഞ്ഞുപോകുന്നതെന്നും പരാതിയിൽ പറയുന്നു.കവിത തീയറ്ററിന് സമീപം, ശ്രീചന്ദ് ആശുപത്രി, ജെ.എസ്. പോൾ കോർണർ, പി.വി.എസിന് സമീപം, പയ്യാമ്പലം ബീച്ച് റോഡ്, ഉർസുലൈൻ സ്കൂൾ, ദേവത്താർകണ്ടി സ്കൂൾ, പയ്യാമ്പലം സ്കൂൾ, പാസ്പോർട്ട് ഓഫീസ് എന്നീ സ്ഥലങ്ങളിലും സീബ്ര ലൈൻ വരയ്ക്കേണ്ടതുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.




                                      

Previous Post Next Post