തിരുവനന്തപുരം :- ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തു സർവീസ് നടത്തുന്ന എല്ലാ വാഹനങ്ങൾക്കും കേരളത്തിലും ലൈസൻസ് ഏർപ്പെടുത്താൻ തീരുമാനിച്ചു. ഊബർ, ഒലെ പോലെ ടാക്സികൾക്കും കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന കോൺട്രാക്ട‌് കാര്യേജ് ബസുകൾക്കും നാഷനൽ പെർമിറ്റുമായി കേരളത്തിലേക്കു സർവീസ് നടത്തുന്ന ബസുകൾക്കും ഈ ലൈസൻസ് ബാധകമാക്കും. ഓൺലൈൻ ടിക്കറ്റ് വഴി സർവീസ് നടത്തുന്നവർക്കായി അഗ്രഗേറ്റർ നയമാണ് 'കേരളത്തിലും കൊണ്ടുവരുന്നത്. ഊബർ, ഒലെ പോലെ കമ്പനികൾ നിലവിൽ കേന്ദ്രനിയമത്തിനു കീഴിൽ കേന്ദ്രത്തിനു നികുതി യടച്ച് ലൈസൻസ് എടുത്താണ് സർവീസ് നടത്തുന്നത്. സംസ്‌ഥാനത്തിനു കൂടി വരുമാനം ലഭിക്കുന്നതിനാണ് ഇവിടെ ഓടണമെങ്കിൽ പുതിയ ലൈസൻസ് എന്ന വ്യവസ്‌ഥ കൊണ്ടുവരുന്നത്.
കേരളത്തിൽ നിന്നു ദിവസവും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും മറ്റും സർവീസ് നടത്തുന്ന ബസുകൾക്കും ഇതുവഴി നിയന്ത്രണമേർപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നത്. ഉത്സവ-അവധി സീസണുകളിൽ ടിക്കറ്റ് ചാർജ് മൂന്നും നാലും ഇരട്ടി ഉയർത്തി സർവീസ് നടത്തുന്ന ഈ ബസുകളെ നിയന്ത്രിക്കാൻ നിയമമുണ്ടായിരുന്നില്ല. അതിനാൽ കോൺട്രാക്ട് കാര്യേജ് സർവീസുകളെ അധികം ബുദ്ധിമുട്ടിക്കാൻ സർക്കാർ തയാറായിരുന്നില്ല.