മുഴപ്പിലങ്ങാട് :- മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവെച്ചു. കടലേറ്റത്തെത്തുടർന്ന് തിങ്കളാഴ്ച മുതലാണ് പ്രവർത്തനം നിർത്തിയത്. ഞായറാഴ്ച വൈകിട്ടോടെ ബ്രിഡ്ജ് അഴിച്ചുതുടങ്ങിയിരുന്നു. ഉച്ചയ്ക്കുശേഷം സഞ്ചാരികളെ ബ്രിഡ്ജിൽ കയറ്റിയിരുന്നില്ലെന്ന് നടത്തിപ്പുകാർ പറഞ്ഞു. - അഴിക്കുന്നതിനിടെ ബ്രിഡ്ജിന്റെ ചില ഭാഗങ്ങൾ ശക്തമായ തിരയിൽപ്പെട്ടിരുന്നതായും അവർ പറഞ്ഞു. ബ്രിഡ്ജ് പൂർണമായും കടലിൽ നിന്ന് കരയിലേക്ക് മാറ്റി.
സാഹസിക വിനോദസഞ്ചാരത്തിന്റെ ഭാഗമായി 2022-ലാണ് ബീച്ചിലെ തെറിമ്മൽ ഭാഗത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. മന്ത്രി പി.എമുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. എട്ടുമാസം മുൻപാണ് ഇവിടെനിന്ന് അല്പം മാറ്റിസ്ഥാപിച്ചത്. തിരമാലകൾക്കനുസരിച്ച് താഴ്ന്നും ഉയർന്നും നടന്നുപോകാനാകുമെന്നതാണ് ഇതിൻ്റ പ്രത്യേകത. കരട്ടിയിൽ നിന്ന് 100 മീറ്ററിലേറെ ദൂരത്തിൽ സഞ്ചരിക്കാനാകും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നിയന്ത്രണത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത്. ഒരു കോടിയോളം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. ടിക്കറ്റ് വെച്ചായിരുന്നു പ്രവേശനം. ദിവസവും നൂറുകണക്കിന് ആളുകൾ ബ്രിഡ്ജിലേക്ക് കയറാനായി എത്താറുണ്ട്. കാലാവസ്ഥ സാധാരണനിലയിലേക്ക് മാറുന്നതോടെ ഫ്ലോട്ടിങ് ബ്രിഡ്ജ് പുനഃ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.