കൊല്ലൂർ :- ഭക്തജനങ്ങളെ കാണാനായി അലങ്കരിച്ച രഥത്തിൽ മൂകാംബികാ ദേവി എഴുന്നള്ളിയതോടെ കൊല്ലൂരിൽ ബ്രഹ്‌മരഥോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയായി. കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിനു ഭക്തർ കൊല്ലൂരിലേക്ക് ഒഴുകിയെത്തി. മാർച്ച് 25ന് തുടങ്ങിയ രഥോത്സവത്തിലെ അതിപ്രധാന ചടങ്ങാണ് ഇന്നലെ നടന്ന രഥംവലി. ക്ഷേത്രം മുഖ്യതന്ത്രിയായ നിത്യാനന്ദ അഡിഗയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു.
ഇന്നലെ രാവിലെ 3ന് നട തുറന്നു. 4 മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. ശീവേലിക്കു ശേഷം 8ന് ആരംഭിച്ച രഥശുദ്ധിഹോമം 9ന് പൂർത്തിയായി. 9.30 മുതൽ വിശേഷ പൂജകളും ഓലകാ മണ്ഡപത്തിലേക്കുള്ള ശീവേലിയും നടന്നു. മൂഹൂർത്തബലി, ക്ഷിപ്രബലി, രഥബലി എന്നീ ചടങ്ങുകൾക്കു ശേഷം 11ന് രഥചലന ചടങ്ങുകൾ ആരംഭിച്ചു. 11.15 ന് പ്രധാന ചടങ്ങായ മിധുനലഗ്നമായി മൂലം നക്ഷത്രത്തിൽ ദേവിയെ രഥത്തിലേക്ക് ആനയിക്കുന്ന രഥാരോഹണം നടന്നു. ശേഷം തേങ്ങ ഉടച്ച് രഥചലനം നടന്നു. ദേവീ വിഗ്രഹം പ്രത്യേക പൂജകൾക്ക് ശേഷം രഥത്തിൽ കയറ്റി ശ്രീകോവിലിന് മുന്നിൽ വരെ ചലിപ്പിക്കുന്നതു കാണാനായി ഭക്തജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടായിരുന്നു രഥത്തിൻ്റെ അലങ്കാരം.
മുഖ്യ തന്ത്രിയായ നിത്യാനന്ദ അഡിഗ, നരസിംഹ അഡിഗ, സുബ്രഹ്‌മണ്യ അഡിഗ, കെ.വി ശ്രീധര അഡിഗ, കെ.വി വിഗ്നേശ്വര അഡിഗ, ഗോവിന്ദ അഡിഗ, മൂർത്തീധാരകർ ആയ കാളിദാസ ഭട്ട്, ശിവരാമ അഡിഗ എന്നിവർ രഥത്തിൽ കയറിയതോടെ വൈകിട്ട് 5.40ന് ദേവീ വിഗ്രഹവുമായി ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ നിന്ന് സൗപർണിക തീരത്തുള്ള ഓലകാ മണ്ഡപത്തിലേക്ക് രഥംവലി ആരംഭിച്ചു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഭക്തജനങ്ങളുടെ ദേവി കീർ ത്തനങ്ങളും പുഷ്പങ്ങൾ വിതറിയ വീഥിയിൽ പുതു രഥത്തിലേറിയുള്ള മൂകാംബികാ ദേവിയുടെ പ്രൗഢഗംഭീരമായ വരവിനെ എതിരേറ്റു.
6.15ന് ഓലകാ മണ്ഡപത്തിൽ എത്തിയ രഥം ചടങ്ങുകൾ കഴിഞ്ഞ് 6.40ന് തിരിച്ച് ക്ഷേത്രത്തിൽ എത്തിയതോടെ രഥം വലി പൂർത്തിയായി. ഒൻപതാം ഉത്സവ ദിനമായ ഇന്നു രാത്രി 7ന് ആറാട്ട് നടക്കും. നാളെ രാവിലെ 7.30ന് അശ്വാരോഹണോത്സവം, മഹാ പൂർണാഹുതി എന്നിവ നടക്കും. 9.30ന് കൊടിയിറക്കും നടക്കുന്നതോടെ ഈ വർഷത്തെ ബ്രഹ്‌മ രഥോത്സവം പൂർത്തിയാകും.