തിരുവനന്തപുരം :- എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ നോട്ടീസ് അയയ്ക്കുന്നത് കെൽട്രോൺ നിർത്തിവെച്ചു. ഒരു വർഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണം ചെയ്യാനുള്ള കരാറാണ് കെൽട്രോണിന് നൽകിയിരുന്നത്. എന്നാൽ, നിയമലംഘനങ്ങൾ 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് നിർത്തിയത്. അച്ചടിയും തപാൽക്കൂലിയും കവറും ഉൾപ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് പ്രതിഫലം. അധിക തുക ആവശ്യപ്പെട്ട് കെൽട്രോൺ, മോട്ടോർ വാഹനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. നോട്ടീസ് നിർത്തിവെച്ചെങ്കിലും എ.ഐ ക്യാമറകൾ കണ്ണടച്ചിട്ടില്ല. പിഴചുമത്തൽ തുടരുന്നുണ്ട്. ഇ-ചെലാൻ വഴി പിഴ ചുമത്തുമ്പോൾ വാഹന ഉടമയുടെ മൊബൈൽ നമ്പരിൽ എസ്.എം.എസ്. അയക്കും. എന്നാൽ, പലരും ഇത് ശ്രദ്ധിക്കാറില്ല.
മൊബൈൽ നമ്പർ കൃത്യമല്ലെങ്കിൽ നോട്ടീസിലൂടെയാണ് വിവരം അറിയുന്നത്. നോട്ടീസ് നിർത്തിവെച്ചത് പിഴ വഴിയുള്ള വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ചുമത്തുന്ന പിഴയുടെ എട്ടുശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. നോട്ടീസ് അയയ്ക്കുമ്പോൾ 30 ശതമാനം പേർ പിഴ അടച്ചിരുന്നു. പിഴയടയ്ക്കാത്ത 15 ലക്ഷം വാഹനങ്ങളെ കരിമ്പട്ടി കയിൽപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ തടഞ്ഞിട്ടുണ്ട്. എന്തെങ്കിലും അപേക്ഷയുമായി മോട്ടോർവാഹനവകുപ്പിനെ സമീപിക്കുമ്പോൾ മാത്രമാണ് ഈ വാഹനങ്ങളിൽ നിന്ന് പിഴത്തുക ഈടാക്കുന്നത്. ഉപകരാറുകൾ വഴി വിവാദമായ എ.ഐ. ക്യാമറ പദ്ധതി ജൂൺ മൂന്നാകുമ്പോൾ ഒരു വർഷം പിന്നിടും. ഇതുവരെ 300 കോടി രൂപയുടെ പിഴയാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ 64 കോടിയാണ് ഇതുവരെ അടച്ചിട്ടുള്ളത്. ക്യാമറകൾക്കും കൺട്രോൾ റൂമുകൾക്കുമായി കെൽട്രോൺ 165 കോടി ചെലവിട്ടിരുന്നു. 11.7 കോടി വീതം 20 തവണകളയാണ് കെൽട്രോണിന് പ്രതിഫലം നൽകേണ്ടത്. ഇതിൽ കോടതി അനുമതിയോടെ 9.6 കോടി രൂപ നൽകിയിട്ടുണ്ട്. അടുത്ത ഗഡുവിനായി കെൽട്രോൺ മോട്ടോർവാഹന വകുപ്പിനെ സമീപിച്ചിട്ടുണ്ട്.