കോട്ടയം :- ടാപ്പിങ് പുനരാരംഭിച്ചിരിക്കെ കൃഷിക്കാർക്ക് നിരാശയായി വീണ്ടും റബ്ബർ വിലയിടിവ്. ആർ.എസ്.എസ് നാല് കിലോഗ്രാമിന് 175 രൂപയായി. അതേസമയം, റബ്ബർബോർഡ് പ്രസിദ്ധീകരിക്കു ന്ന വില ഇപ്പോഴും 180 രൂപയാണ്. തദ്ദേശീയ വിപണിയിലെ വില സമാഹരിച്ചാണ് ഈ വില പ്രസിദ്ധീകരിക്കുന്നതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. ആർ.എസ്.എസ് നാലിന് അന്താരാഷ്ട്രവില 188 രൂപയായി കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ വില 220 രൂപവരെയെത്തിയിരുന്നു. സംസ്കരിച്ച റബ്ബർ വിൽക്കുന്നതിന് ഉത്പാദക രാജ്യങ്ങൾ മുൻഗണന നൽകിയതോടെ ഗ്രേഡ്ഷീറ്റ് അന്താരാഷ്ട്ര വിപണിയിലെത്തി. ഇടവേളയ്ക്കുശേഷം തായ്‌ലാൻഡ്, ഇൻഡൊനീഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങൾ ഉത്പാദനം മെച്ചപ്പെടുത്തി. മരങ്ങളിലെ രോഗബാധയും കാലാവസ്ഥാ മാറ്റവും കാരണം അവിടെ ഉത്പാദനം ഇടിഞ്ഞതാണ് അന്താരാഷ്ട്രവിപണിയിൽ വില കൂടാൻ ഇടയാക്കിയിരുന്നത്. ആദ്യന്തരവിപണിയിൽ നിന്ന് ടയർക്കമ്പനികൾ നിയന്ത്രിച്ച് ചരക്കെടുക്കു അതാണ് തദ്ദേശീയവില കൂടാത്തതിന് കാരണം.
കമ്പനികളുടെ പക്കൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇറക്കുമതി ചെയ്ത ചരക്കുണ്ട്. അന്ന് അന്താരാഷ്ട്ര വിപണിയിൽ 220 രൂപവരെയുണ്ടായിരുന്നു വെങ്കിലും കമ്പനികൾ ഓർഡർ റദ്ദാക്കിയില്ല. തദ്ദേശീയമായ ക്ഷാമം പരിഗണിച്ച് അന്ന് അവർ അന്താരാഷ്ട്രവിപണിയിൽ നിന്ന് ചരക്കെടുക്കുകയായിരുന്നു. ഇത് ഫാക്ടറികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വേണ്ടിയാണെന്നായിരുന്നു അവകാശവാദം. കേരളത്തിൽ വേനൽമഴ കിട്ടി യതോടെ ടാപ്പിങ് പുനരാരംഭിച്ചിട്ടുണ്ട്. കൂടുതൽ ചരക്ക് വരുന്നതോടെ വില 170-ലേക്ക് മടങ്ങുമോയെന്ന ആശങ്കയുണ്ട്. രണ്ടുമാസമായി വിപണിയിൽ വേണ്ടത്ര ചരക്കില്ല. ആഭ്യന്തരവിലയെക്കാൾ അന്താരാഷ്ട്രവില 14 രൂപ ഉയർന്നുനിൽക്കുമ്പോഴും ഇറക്കുമതി നിർത്തില്ലെന്നാണ് സൂചനകൾ. ആഭ്യന്തര വിപണിയെ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന ടയർക്കമ്പനികളുടെ നിലപാടിലും മാറ്റമില്ല.