കണ്ണൂർ :- യാത്രാവരുമാനത്തിൽ വർധനയോടെ കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ. 2023- 24 സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം കേരളത്തിൽ തിരുവനന്തപുരമാണ് ഒന്നാസ്ഥാനം. 46 കോടിരൂപയുടെ വർധന. ഇക്കുറി 262.67 കോടിരൂപയാണ് വരുമാനം. ദക്ഷിണ റെയിൽവേയിൽ നാലാംസ്ഥാനത്താണ് തിരുവനന്തപുരം. ആദ്യനാലു സ്ഥാനങ്ങളിൽ തിരുവനന്തപുരം, എറണാകുളം ജങ്ഷൻ (227 കോടി), കോഴിക്കോട് (179 ), തൃശ്ശൂർ (156 കോടി) എന്നിവ തുടരുന്നു. എറണാകുളം ജങ്ഷൻ 14 കോടിരൂപയും കോഴിക്കോട് 32 കോടിരൂപയും തൃശ്ശൂർ 22 കോടിരൂപയും കഴിഞ്ഞവർഷത്തെക്കാൾ വർധിപ്പിച്ചു.
കഴിഞ്ഞ തവണ അഞ്ചാംസ്ഥാനത്തുണ്ടായ പാലക്കാട് ജങ്ഷൻ ഇത്തവണ ആറിലേക്കുപോയി. ആറാംസ്ഥാനത്തുണ്ടായ എറണാകുളം ടൗൺ അഞ്ചിലെത്തി 129 കോടിരൂപയാണ് 2023- 24 വർഷത്തെ വരുമാനം. ദക്ഷിണേന്ത്യയിൽ ചെന്നൈ സെൻട്രൽ തന്നെയാണ് മുന്നിൽ. 1215 കോടിരൂപയാണ് വരുമാനം. ചെന്നൈ എഗ്മോർ (564 കോടി) രണ്ടും കോയമ്പത്തൂർ ജങ്ഷൻ (324 കോടി) മൂന്നും സംസ്ഥാനങ്ങൾ നേടി.